ലണ്ടന്‍: ‘റൗണ്ട്എബൗട്ട്’ ചലഞ്ച് വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല കൗമാര പ്രായക്കാര്‍ക്കിടയിലും ‘റൗണ്ട്എബൗട്ട്’ ചലഞ്ച് ഇന്ന് വലിയ പ്രചാരം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിക്കുന്ന ചലഞ്ചിന് എന്നാല്‍ മറ്റൊരു വശം കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുട്ടികള്‍ ഇത്തരം അപകടകരമായ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നത് മാതാപിതാക്കള്‍ ഇടപെട്ട് തടയണമെന്നും ഇവയുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കണമെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചലഞ്ചിന് ശേഷം കുട്ടികള്‍ക്ക് ചിലപ്പോള്‍ സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കളിസ്ഥലത്തെ കുട്ടികള്‍ കളിക്കാന്‍ (കറങ്ങിത്തിരിയുന്ന മനുഷ്യ നിയന്ത്രിത ചെറുയന്ത്രം) ഉപയോഗിക്കുന്ന റൗണ്ട്എബൗട്ടുകള്‍ വെച്ചാണ് ചലഞ്ച്. ഏറ്റവും വേഗത്തില്‍ ഇതിലിരുന്ന കറങ്ങുകയെന്നതാണ് ചലഞ്ച്. കേട്ടാല്‍ തമാശയായും രസകരമായി തോന്നുമെങ്കിലും ചലഞ്ചില്‍ പങ്കെടുത്തവര്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാവും. ഇത്തരം അപകടകരമായ ചലഞ്ചുകള്‍ പല രാജ്യത്തും നിരോധിച്ചിട്ടുണ്ട്. യൂ ടൂബ്, ഫെയിസ്ബുക്ക്, സ്‌നാപ് ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇവ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. റൗണ്ട്എബൗട്ട് വേഗതയില്‍ കറക്കുന്നത് എല്ലാ സമയങ്ങളിലും മനുഷ്യരല്ല. വേഗത കൂടാന്‍ വേണ്ടി ചിലര്‍ ബൈക്കുകല്‍ വരെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
റൗണ്ട്എബൗട്ടില്‍ കറങ്ങുന്നത് തലച്ചോറിലേക്ക് അമിത വേഗത്തില്‍ രക്തമെത്തുകയും ഇത് സ്‌ട്രോക്കിലേക്ക് വഴിതെളിയുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍ കറങ്ങാന്‍ സാധ്യതയുള്ള വേഗതയിലല്ല ചലഞ്ച് ചെയ്യുന്നവര്‍ കറങ്ങാന്‍ ശ്രമിക്കുന്നത്. തലയ്ക്ക് മാരകമായ പരിക്കേല്‍ക്കുക കൂടാതെ, നേത്രപടലത്തിന് കേടുപാട് സംഭവിക്കാനും ഈ ചലഞ്ച് കാരണമാകും. ചലഞ്ച് ചെയ്തയാള്‍ക്ക് ഭാവിയില്‍ കടുത്ത തലവേദന അനുഭവപ്പെടാനും അത് പിന്നീട് മറ്റേതെങ്കിലും രോഗമായി മാറാനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്ത് പരിക്കേറ്റ കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ലിങ്കണ്‍ഷെയര്‍ സ്വദേശിയായ ഒരു ആണ്‍കുട്ടിക്ക് ചലഞ്ചിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമെ കുട്ടികളെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാവൂ.
Leave a Reply