സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
മാതാവിനെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് ആയിരം നാവാണ്. കാരണം മാതാവാണ് എൻ്റെ എല്ലാം. അവളിലൂടെ മാത്രമേ നമുക്ക് യേശുവിനെ അടുത്തറിയുവാൻ സാധിക്കത്തുള്ളൂ. മെയ് മാസം പരിശുദ്ധ അമ്മയുടെ മാസമെന്ന് കുട്ടിക്കാലത്ത് എൻ്റെ അമ്മ എന്നെ പഠിപ്പിച്ച് തന്നതാണ്. മാതാവിനോടുള്ള ഭക്തിക്ക് യാതൊരു കുറവുമില്ലാത്ത ഒരു കുടുംബമാണ് എൻ്റേത്. കുടുംബത്തിൽ ഞാൻ ഏറ്റവും ഇളയതായതു കൊണ്ട് മാതാവിൻ്റെ രൂപമലങ്കരിക്കുന്ന സ്ഥിരം ജോലി എൻ്റേതായിരുന്നു. മെയ് മാസത്തിൽ വിരിയുന്ന നല്ല മണമുള്ള മുല്ലമൊട്ടുകൾ കോർത്തിണക്കിയ മുല്ല മാല മാതാവിൻ്റെ രൂപത്തിൽ ചാർത്തുന്നതിൽ ഞാൻ ആനന്ദം കണ്ടിരുന്നു.
അമ്മവീട്ടിലാകും മിക്കവാറും വണക്കമാസ കാലത്ത് ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും. സ്കൂളടയ്ക്കാൻ ഞങ്ങൾ നോക്കിയിരിക്കും. അമ്മവീട്ടിൽ പോവുക എന്നത് ഒരു ഹരമായിരുന്നു. വല്യമ്മച്ചിമാരുടെ കാത്തിരിപ്പ് പറഞ്ഞറിയ്ക്കുന്നതിലും അപ്പുറമാണ് എന്ന് പറയേണ്ടതില്ലല്ലോ..! അവിടെ ഞങ്ങൾ പോകുമ്പോൾ അവിടുത്തെ കുരിശുപള്ളിയിലായിരിക്കും വണക്കമാസ പ്രാർത്ഥനകൾക്ക് അവിടുത്തെ കുട്ടികളുമായി ഞങ്ങൾ പോവുക. ഗീർവർഗ്ഗീസ് പുണ്യാളൻ്റെ കപ്പേള ആയിരുന്നുവെങ്കിലും മാതാവിൻ്റെ വണക്കമാസ പ്രാർത്ഥനകളും അതു കഴിഞ്ഞുള്ള പാച്ചോർ വിതരണവും പിന്നെ ഞങ്ങൾ കൂട്ടുകാരുടെ സൗഹൃദങ്ങൾക്കൊക്കെ ആ കപ്പേള സാക്ഷ്യം വഹിച്ചിരുന്നു.
പ്രാർത്ഥനയ്ക്കായി ഒരു മുറി തന്നെ നീക്കിവെച്ചിരുന്ന ധാരാളം കുടുംബങ്ങൾ പണ്ട് കാലത്തുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും അതുണ്ടായിരുന്നു. സന്ധ്യാപ്രാർത്ഥന, കൊന്ത നമസ്കാരം, ബൈബിൾ വായന, വണക്കമാസ പ്രാർത്ഥനകൾ അങ്ങനെ പലതും നടക്കുന്നത് ഈ പ്രാർത്ഥനാമുറിയിലായിരുന്നു. വല്യപ്പച്ചൻ്റെയും വല്യമ്മച്ചിമാരുടെയുമൊക്കെ തീഷ്ണമായ പ്രാർത്ഥനയുടെ ഫലമാണ് ഈ കൊച്ചുമുറികളിൽ നിന്നും ധാരാളം വൈദീകരെയും സമർപ്പിതരെയും പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് ലഭിച്ചത്. ഞാനും അതിലൊരാളായതിൽ അഭിമാനിക്കുന്നു.
കത്തോലിക്കാ കുടുംബങ്ങളിലിന്ന് പ്രാർത്ഥനാമുറികളില്ല. ഉണ്ടെങ്കിലും പ്രാർത്ഥന പഠിക്കാൻ കൊച്ചുമക്കളുമില്ല. വല്യപ്പച്ചനും വല്യമ്മച്ചിയുമായി മാത്രം കുടുംബങ്ങൾ ഒതുങ്ങുമ്പോൾ വിശ്വാസം സംരക്ഷിക്കാനുള്ള ഒരു തിരിച്ചറിവ് അവരുടെ അടുത്ത തലമുറയ്ക്കും ആവശ്യമാണ്. എങ്കിൽ മാത്രമേ തലമുറകളായി കാത്തു സൂക്ഷിച്ച വിശ്വാസ സത്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുവാൻ സാധിക്കത്തുള്ളൂ. ദൈവത്തിലുള്ള വിശ്വാസം ഒരിക്കലും കൈവിടാത്ത പരിശുദ്ധ അമ്മയുടെ വണക്കമാസ നാളിൽ ഈ തിരിച്ചറിവ് അവർക്കുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.
സുകൃതജപം
ഉണ്ണീശോയെ ഉദരത്തിൽ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തിൽ സംവഹിക്കാൻ കൃപ ചെയ്യണേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
Leave a Reply