സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
ഞാൻ മരിയ റോസ് ടോം. നാല് മക്കളുള്ള കുടുംബത്തിൽ ഒന്നാമത്തെ മകളായി ജനിച്ചു. എന്റെ മാതാപിതാക്കൾ എന്നെ പരി. അമ്മയ്ക്ക് സമർപ്പിച്ചു കൊണ്ട് ‘മരിയ’ എന്ന പേര് നൽകി എന്നാണ് വളർന്നപ്പോൾ എനിക്കറിയാൻ കഴിഞ്ഞത്. ചെറുപ്പം മുതലേ പ്രാർത്ഥനയിലും വിശ്വാസത്തിലും അവരെന്നെ വളർത്തി. ദേവാലയത്തിലെയും സൺഡേ സ്‌കൂളിലെയും എല്ലാ കാര്യങ്ങളിലും തല്പരയായിരുന്നു ഞാൻ. കടിഞ്ഞൂൽ പുത്രിയായതു കൊണ്ട് സഹോദരങ്ങൾക്ക് ഞാൻ മാതൃക കാണിച്ചു കൊടുക്കണമെന്ന് അമ്മച്ചി എന്നെ എന്നും പഠിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ മൂത്തതായതുകൊണ്ട് ജപമാല പ്രാർത്ഥനയുടെയും ബൈബിൾ വായനയുടെയുമൊക്കെ നേതൃത്വം എൻ്റെ മാത്രം ഉത്തരവാദിത്വമായി മാറി. ചെറുപ്പം മുതൽ തന്നെ ഓരോ ചെറിയ ചെറിയ അനുഗ്രഹങ്ങൾ പരി. അമ്മ എനിക്ക് തന്നിരുന്നു.
ഒരിക്കൽ എൻ്റെ ശരീരമാസകലം ചൊറിഞ്ഞ് വ്രണങ്ങൾ പോലെ ആയി. പല ഡോക്ടർമാരെയും കാണിച്ചെങ്കിലും മാറ്റമൊന്നുമില്ലായിരുന്നു. വ്രണം പഴുത്ത് മണം വരാൻ തുടങ്ങി. അപ്പോൾ മണർകാട് പള്ളിയിലെ പരി. അമ്മയുടെ കുളത്തിൽ ചെന്ന് ആ വെള്ളത്തിൽ എന്നെ കുളിപ്പിച്ചു. ദിവസങ്ങൾ പിന്നിട്ടപ്പോൾ ആ വ്രണങ്ങൾ ഉണങ്ങിത്തുടങ്ങി. വ്രണത്തിൻ്റെ ഒരു പാട് പോലും ഇപ്പോൾ എൻ്റെ ശരീരത്തിലില്ല. ഒരു കുഞ്ഞു മനസ്സിൻ്റെ വേദനയാണ് പരി. അമ്മയോട് ഞാൻ പറഞ്ഞത്. കുട്ടിയായ എന്നിലെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം??
അതുപോലെയുള്ള അനുഭവങ്ങൾ മാത്രമാണ് എൻ്റെ കുഞ്ഞു ജീവിതത്തിലുള്ളത്. അമ്മുടെ സഹായത്തിൽ 12 ൽ ഫുൾ A+ നൽകി അനുഗ്രഹിച്ചു. അതിനു ശേഷം കോളേജ് അഡ്മിഷൻ ലഭിക്കാൻ വളരെ പാടായിരുന്നു. അതൊരു ഒക്ടോബർ മാസമായിരുന്നു. ഞാൻ എന്നും രണ്ടും , മൂന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ഒക്ടോബർ 17 – ന് രാത്രി പരി. അമ്മയുടെ സാക്ഷ്യം യൂട്യൂബിൽ കേട്ടുകൊണ്ടിരുന്ന സമയത്ത് കോളേജിൽ നിന്ന് വിളിച്ചു. അഡ്മിഷൻ ശരിയായ വാർത്തയാണ് എനിക്ക് കേൾക്കാൻ സാധിച്ചത്.
ഇതെൻെറ അനുഭവമാണെങ്കിലും ഇതിലൂടെ നിരവധി കാര്യങ്ങൾ ഞാൻ പഠിച്ചു. അമ്മയുടെ അടുക്കൽ നമുക്കാവശ്യമുള്ളതെല്ലാം ഉണ്ട്. പ്രാർത്ഥിക്കുക! അസാധ്യമായ ഉത്തരങ്ങൾക്കായി നോക്കിയിരിക്കരുത്. വെറുതെ പ്രാർത്ഥിക്കുക. കൂടുതൽ പ്രാർത്ഥിക്കുക. ജപമാലയുടെ ശക്തി മനസിലാക്കുക.
സുക്യതജപം
ഓ മറിയമേ, ഈശോയുടെ മാതാവേ, എന്റെ അമ്മേ, ഞാനിതാ എന്നെ മുഴുവനും നിനക്ക് സമർപ്പിക്കുന്നു.
പരിശുദ്ധ അമ്മയുടെ സ്തുതിപ്പു ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
Leave a Reply