സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

മലയാളികളായ നമുക്ക് തലമുറകളായി നമ്മുടെ മാതാപിതാക്കൾ പകർന്നു നൽകിയിട്ടുള്ള ഒന്നാണ് മാതൃ ഭക്തിയും വിശുദ്ധരോടുള്ള വണക്കവും. ലോകത്തിലെവിടെ ജീവിച്ചാലും നമുക്ക് പരമ്പരാഗതമായി പകർന്ന് കിട്ടിയിട്ടുള്ള ഈ മാതൃ ഭക്തിയുടെ പാരമ്പര്യം വരും തലമുറകൾക്ക് പകർന്നു കൊടുക്കുവാനും തങ്ങളുടെ കുടുംബ ജീവിത മാതൃകയിലൂടെ മക്കൾക്ക് അനുഭവേദ്യമാക്കുവാനും ഇന്നത്തെ മലയാളി യുവ ദമ്പതിമാർക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ആധുനികതയുടെ അധികപ്പറ്റിൽ നമുക്ക് ലഭിച്ചിട്ടുള്ള ഈ പരമ്പരാഗതമായ ആദ്ധ്യാത്മികതയും ചൈതന്യവും മാതൃ ഭക്തിയും വരുന്ന തലമുറകൾക്ക് നഷ്ടമാകാതിരിക്കട്ടെ .

നമ്മുടെ മക്കളും കുഞ്ഞു മക്കളും വളർന്ന് വലുതാകുമ്പോൾ നാം അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളായിരിക്കുമല്ലോ അവർ നേരിടുക! അപ്പോൾ അവർക്ക് താങ്ങും തണലുമായി നമ്മുടെ പരിശുദ്ധ അമ്മയും തിരുകുടുംബവും അവരുടെ കൂടെയുണ്ടാകുമെന്നുള്ള ബോധ്യം അവർക്ക് ഉണ്ടാകണമെങ്കിൽ വളരെ ചെറുപ്പത്തിലെ തന്നെ അതിനുള്ള അടിത്തറ അവരിൽ പാകിയിരിക്കണം. മതാധ്യാപകർക്കും ഇടവക സംഘടനകൾക്കും മാത്രമേ നമ്മുടെ മക്കളെ വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിക്കാനും അഭിമാനപൂർവ്വം ദൈവാലയ ശുശ്രൂഷ ചെയ്യാനും പ്രാപ്തരാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

നമ്മുടെ കുടുംബ ലൈബ്രറികളിൽ മക്കൾക്കുള്ള വീഡിയോ ഗെയിമും കാർട്ടൂണും പസിൽസും മാത്രമാകാതെ ആധ്യാത്മികതയിലേക്ക് നയിക്കുന്ന വീഡിയോകളും പ്രസിദ്ധീകരണങ്ങളുമുണ്ടാകട്ടെ .

നാം ചെറുപ്പകാലത്ത് ചെയ്തതുപോലെ മെയ്മാസത്തിൽ മാതാവിൻ്റെ രൂപം അലങ്കരിക്കുന്ന അവസരങ്ങൾ മക്കൾക്ക് നൽകുക. മാതാപിതാക്കളിൽ ഒരാളെങ്കിലും കുടുംബ പ്രാർത്ഥന മുടക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

മാതൃഭക്തിയിൽ വളരാനുള്ള ധാരാളം അവസരങ്ങളും സാഹചര്യങ്ങളും സ്വന്തം ഭവനത്തിലും കോളേജ് ഹോസ്റ്റലിലും പിന്നീട് മഠത്തിലും അയർലൻഡിലെ മെഡിസിൻ പരിശീലന കാലത്തും ഉണ്ടായിരുന്നത് നന്ദിപൂർവം ഞാൻ ഓർക്കുന്നു. അയർലൻഡിൽ കോർക്കിലെ ഹോസ്റ്റലിൽ അന്ന് മാസത്തിലൊരിക്കലെങ്കിലും ഞങ്ങൾ കുറച്ചു സിസ്റ്റേഴ്സ് കുരിശിൻ്റെ വഴിയിലൂടെ റോസറി വോക്ക് നടത്തുന്ന പതിവും ഓർക്കുന്നു. 14 സ്ഥലങ്ങളും പൂർത്തിയാക്കുമ്പേഴേയ്ക്കും മൂന്നു രഹസ്യങ്ങളും പൂർത്തിയായിരിക്കും. അമ്മയുടെ കൂടെയുള്ള കുരിശിൻ്റെ വഴി!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിക്കുന്നതുവരെ മറക്കാൻ പറ്റാത്ത ഒരു ആത്മീയാനുഭവം പങ്കുവെച്ചുകൊണ്ട് ഈ മെയ്മാസ ചിന്ത അവസാനിപ്പിക്കാം.

അയർലൻഡിലെ പഠനവും മൂന്നാലു വർഷത്തെ പരിശീലനവും കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തി. എൻ്റെ ഓർമ്മയിലെആദ്യത്തെ ആന്തരിക സൗഖ്യ ധ്യാനം കൂടിയ അവസരം. 1982 ന് ശേഷമാണെന്നാണ് എൻ്റെ ഓർമ്മ. ബഹു. മഞ്ഞാക്കലച്ചൻ്റെയടുത്ത് കുമ്പസാരവും കൗൺസിലിംഗും കഴിഞ്ഞ് അഞ്ചാം ദിവസത്തെ ആരാധനയുടെ സമയം. പഠന കാലത്തും അതിനു ശേഷവും ഉണ്ടായിട്ടുള്ള ധാരാളം ആന്തരിക മുറിവുകൾ ഹൃദയത്തിൽ അനുഭവപ്പെട്ട നിമിഷം. താഴെയുള്ള ടേബിളിൽ തിരുവോസ്തി ഇറക്കിവെച്ച് ചുറ്റുമിരുന്ന് ഞങ്ങൾ പാടി ആരാധിക്കുന്ന സമയത്ത് തിരുവോസ്തി വിറയ്ക്കുന്നതായിട്ട് എനിക്ക് കാണപ്പെട്ടു. തിരുവോസ്തിയുടെ സ്ഥാനത്ത് ഞാൻ കണ്ടത് നല്ല വലിപ്പമുള്ള നിത്യസഹായ മാതാവിന്റെ ചിത്രവും അമ്മ എടുത്തിരിക്കുന്ന ഉണ്ണി എന്നെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ നിൻ്റെ കൂടെയില്ലേ? എന്തിന് വിഷമിക്കുന്നു? “എന്ന് എന്നോട് പറയുന്നതായും ഉള്ള അനുഭവം. അതേ സമയം എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരാളമായി ഒഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് എല്ലാം പഴയതുപോലെ ആയി .

പരിശുദ്ധ അമ്മയുടെയും അമ്മയോടൊത്തുള്ള ഈശോയുടെ സാന്നിധ്യവും പരിശുദ്ധാത്മാവിൽ നിന്നുള്ള ആന്തരിക സൗഖ്യവും ലഭിച്ച അസുലഭ അനുഭവം. ഇത് വിവരിച്ചപ്പോൾ ( ആദ്യമായാണ് ഞാനിത് എഴുതുന്നത് ) ഞാൻ ചിന്തിച്ചു പോയി! കാണാതെ വിശ്വസിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ !

പരിശുദ്ധ അമ്മയുടെ സാന്നിധ്യവും മാധ്യസ്ഥ ശക്തിയും പരിശുദ്ധ ത്രീത്വത്തോടുള്ള അമ്മയുടെ അഭേദ്യബന്ധവും നമുക്ക് അനുഭവിക്കാം.പങ്കുവയ്ക്കാം. വരും തലമുറകൾക്ക് പകർന്നു കൊടുക്കാം.

സുകൃതജപം.
മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്രതാരമേ സ്വസ്തി!

പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.