സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

എൻ്റെ അമ്മ നിൻ്റേയും കാൽവരി കുരിശിൽ ജീവൻ പിരിയാൻ നേരം സ്നേഹപൂർവ്വം ഈശോ നമുക്ക് നൽകിയ സമ്മാനമാണ് പരിശുദ്ധ അമ്മ. തളരുമ്പോൾ ശക്തിയാകാൻ, നിരാശപ്പെടുമ്പോൾ പ്രത്യാശ പകരാൻ ജീവിത കനൽവഴികളിൽ കൈത്താങ്ങ് തന്ന് മുന്നോട്ടുനീങ്ങാൻ നമ്മെ സഹായിക്കുന്ന ഒരു അമ്മ. എന്നെ ഞാനായിരിക്കുന്ന രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നവൾ, എന്‍റെ മുറിവുകൾ കണ്ട് മുറിപ്പാടിൽ തൈലം പുരട്ടുന്നവൾ അതാണല്ലോ നാം ഇങ്ങനെ പാടുന്നത് “മുറിവേതും അറിയുന്നൊരമ്മ എന്‍റെ കുറവോർത്തു കരയുന്നൊരമ്മ”

“ഓ മറിയമേ എന്റെ നല്ല അമ്മേ എൻ്റെ ഹൃദയം അങ്ങേ തിരുക്കുമാരന് ഇഷ്ടമുള്ള ഒരു പൂങ്കാവനം ആക്കി മാറ്റണമേ എന്നെ അവിടുത്തെ ഇഷ്ട മാണവാട്ടിയാക്കി തീർക്കണമേ ”.

കുറെ വർഷങ്ങൾക്കു മുൻപ് ഒരു സിസ്റ്റർ പറഞ്ഞു പഠിപ്പിച്ച സുകൃതജപമാണിത്. ഇന്ന് എനിക്ക് ഏറ്റവും ബലം തരുന്ന ഒരു പ്രാർത്ഥനയാണിത് . ഈശോയെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ ഹിതപ്രകാരം ജീവിക്കാൻ ആശിക്കുന്നവർക്ക് ഈ പ്രാർത്ഥന ഒത്തിരി പ്രയോജനപ്രദമാകും. കാരണം ഈശോയെ ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി പരിശുദ്ധ അമ്മയാണ്. അതിനാൽ തന്നെ ഈശോയെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാൻ അമ്മയ്ക്ക് സാധിക്കും. വിശുദ്ധ ജീവിതങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, അവരൊക്കെയും പരിശുദ്ധ അമ്മയോട് ആഴമായ ഭക്തി ഉണ്ടായിരുന്നവരാണ്. വേർപെടുത്താൻ പറ്റാത്ത വിധം അഭേദ്യമായ അടുപ്പം അവർക്ക് പരിശുദ്ധ അമ്മയുമായി ഉണ്ടായിരുന്നു. അവരൊക്കെയും പരിശുദ്ധ അമ്മയുടെ കളരിയിൽ നിന്നും ഈശോയുടെ സ്നേഹം അറിഞ്ഞവരാണ്.

വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ ജീവിതം ഓർത്തുപോകുകയാണ്! ലോലക് എന്ന് ഓമനപ്പേരിലറിയപ്പെട്ടിരുന്ന ജോൺ പോൾ പാപ്പയ്ക്ക് ഒൻപത് വയസായപ്പോൾ അവൻറെ അമ്മയെ നഷ്ടമായി . അമ്മ ഇല്ലാത്തതിന്റെ വേദനയിൽ ദുഃഖിച്ചിരുന്ന കുഞ്ഞു ലോലക്കിനെ അവൻ്റെ പിതാവ് ദേവാലയത്തിൽ കൊണ്ടുപോയി പരിശുദ്ധ അമ്മയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു ” ഇനി മുതൽ ഇതാണ് നിൻറെ അമ്മ” ആ നിഷ്കളങ്ക ഹൃദയത്തിൽ അവൻ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചു. തൻ്റെ പൗരോഹിത്യസ്വീകരണ ദിനത്തിൽ സ്വന്തം എന്നു പറയാനായി ഉണ്ടായിരുന്നത് ഒൻപതാം വയസ്സിൽ അപ്പൻ ചൂണ്ടിക്കാണിച്ചു തന്ന അമ്മ മാത്രമായിരുന്നു. അപ്പനും അമ്മയും സഹോദരങ്ങളും ദൈവത്തിന്റെ അടുത്തേയ്ക്ക് പോയിരുന്നു. പ്രഥമ ദിവ്യ ബലിയർപ്പണ ദിനത്തിൽ പരിശുദ്ധ അമ്മയുടെ രൂപത്തിനുമുമ്പിൽ മുട്ടുകുത്തിക്കൊണ്ട് അവൻ പറഞ്ഞു ” അമ്മേ ഞാൻ മുഴുവനായും നിൻ്റേതാണ്”
അമ്മയ്ക്ക് സമ്പൂർണമായി സമർപ്പിച്ച ജോൺ പോൾ പാപ്പയുടെ ജീവിതത്തിൽ പരിശുദ്ധ അമ്മ സജീവസാന്നിധ്യമായി ഉണ്ടായിരുന്നു . ഫാത്തിമാ സന്ദർശനത്തിനിടെ വെടിയേറ്റപ്പോഴും അതിൽനിന്നുതന്നെ രക്ഷിച്ചത് പരിശുദ്ധ അമ്മയാണെന്ന് ജോൺ പോൾ പാപ്പ പറയുന്നു. അതേ, ഒന്നും ബാക്കിവയ്ക്കാതെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാൻ നമുക്കായാൽ നമ്മുടെ ജീവിതത്തിലും അമ്മ ഇടപെടും. പിന്നെ അവിടെ വീഞ്ഞ് തീർന്നു പോയാലും പ്രശ്നമില്ല കാരണം അവൻ പറയുന്നതുപോലെ ചെയ്യുവിൻ എന്ന് പരിചാരകരോട് പറയാൻ അവരുടെ കൂടെ പരിശുദ്ധ അമ്മ ഉണ്ടാവും.

അമ്മയോട് ആത്മബന്ധം പുലർത്തുന്നവരുടെയൊക്കെ ജീവിതത്തിൽ അമ്മ ഇടപെടും എന്നത് ഉറപ്പാണ്, അതാണല്ലോ കാനായിലെ കല്യാണ വിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ അമ്മ ആ കുടുംബത്തിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചത്. അമ്മയ്ക്ക് പിടിക്കാനായി നീ നിൻറെ കരം നീട്ടി കൊടുത്താൽ അമ്മ നിൻ്റെ കരത്തിൽ പിടിക്കും. നിൻറെ ഭവനത്തിലേക്ക് അമ്മയെ നീ ക്ഷണിച്ചാൽ അമ്മ വരും. നിൻ്റെ ദുഃഖങ്ങൾ നീ അമ്മയോട് പറഞ്ഞാൽ അമ്മ നിന്നെ ആശ്വസിപ്പിക്കും.

സന്യാസ പരിശീലന കാലത്ത് അമ്മയുടെ കരുതലും വാത്സല്യവും അനുഭവിക്കാൻ കഴിഞ്ഞ ഒരു സംഭവം ഞാനോർക്കുന്നു. പരിശീലനത്തിന്‍റെ രണ്ടാംവർഷം പ്രത്യേകമായ രീതിയിൽ മുടി കെട്ടണം. എത്ര ശ്രമിച്ചിട്ടും എനിക്ക് എന്‍റെ മുടി കെട്ടിവയ്ക്കാൻ സാധിക്കുന്നില്ല. കൂടെയുള്ളവരുടെ മുടി കെട്ടാൻ എനിക്കു പറ്റുന്നുണ്ട്. എന്നാൽ എന്‍റെ മുടി കെട്ടാൻ അവർക്കും സാധിക്കുന്നില്ല. ഒരു പാട് തവണ ശ്രമിച്ചെങ്കിലും വിജയിക്കാൻ സാധിച്ചില്ല.വളരെ വിഷമത്തോടെയാണ് അന്ന് ഞാൻ ഉറങ്ങാൻ പോയത്. ഉറക്കത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞു “അമ്മേ എനിക്കു മാത്രം മുടി കെട്ടാൻ സാധിക്കുന്നില്ല ഇങ്ങനെയായാൽ പോസ്റ്റ്ലൻസിയിൽ കയറി കഴിഞ്ഞ് ഞാൻ എന്തു ചെയ്യും. ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉള്ളൂ… ” കിടന്നു കൊണ്ട് തന്നെ ഞാനിങ്ങനെ പ്രാർത്ഥിച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ വലിയ ഒരു വലിയ ശക്തി എന്നിൽ നിറഞ്ഞതു പോലെ തോന്നി, ഞാൻ കട്ടിലിൽ ഇരുന്നു കൊണ്ട് എന്‍റെ മുടി കെട്ടി സമയം നാലുമണി ആയതേയുള്ളൂ ആരും എഴുന്നേറ്റിട്ടില്ല. പരിശുദ്ധ അമ്മ എന്‍റെ വിഷമം മനസ്സിലാക്കി എന്നെ സഹായിച്ചതായി തന്നെ ഞാനത് വിശ്വസിക്കുന്നു. തലേദിവസം വൈകുന്നേരം വരെയും ശ്രമിച്ചിട്ട് നടക്കാത്ത കാര്യത്തെക്കുറിച്ചുള്ള എൻറെ വേദന അമ്മയോട് പറഞ്ഞപ്പോൾ സമയമോ സ്ഥലമോ ഒന്നും നോക്കാതെ ആ നിമിഷം തന്നെ അമ്മ എന്‍റെ അടുത്ത് സഹായവുമായെത്തി. പിന്നീട് ഒരിക്കൽ പോലും എനിക്ക് മുടി കെട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.ഇതുപോലെ നമ്മുടെ ദുഃഖങ്ങളും ആകുലതകളുമൊക്കെ നിഷ്കളങ്കതയോടെ അമ്മയോട് പങ്കുവയ്ക്കാൻ സാധിച്ചാൽ നമ്മുടെ ഏത് ആവശ്യസമയത്തും അമ്മ നമ്മുടെ ചാരെ വരും. ഏലീശ്വാ പുണ്യവതിയെ ശുശ്രൂഷിക്കുവാൻ തിടുക്കത്തിൽ യാത്രയായ പരിശുദ്ധ അമ്മ നമ്മുടെ മൊഴികൾക്കുവേണ്ടിയും കാത്തിരിക്കുകയാണ്. നമ്മുടെ ദു:ഖങ്ങൾ ഒന്നു പങ്കുവയ്ക്കുകയേ വേണ്ടൂ. അമ്മ നമ്മെ സഹായിക്കും.

സുകൃതജപം

വിനയത്തിൻ്റെ മാതൃകയായ കന്യകാ മാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമേ..

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/VcAQLw9i4Gc