സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ
എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ.. വളരെ ചെറുപ്പം മുതൽ കേട്ട് പഠിച്ചതും ചൊല്ലി പരിശീലിച്ചതുമായ സുകൃതജപം. ഭയപ്പെടുമ്പോൾ വേദനിക്കുമ്പോൾ അപകടത്തിൽ പെടുമ്പോൾ ഒക്കെ നമ്മൾ പെട്ടെന്ന് അഭയത്തിനായി വിളിക്കുക അമ്മേ എന്നാണ്. നിരീശ്വരവാദികൾപ്പോലും ആദ്യം വിളിക്കുന്നത് അമ്മേ എന്ന് തന്നെയാണ്. പിന്നീടവർ അത് മാറ്റും.
ഉറപ്പുള്ള ആശ്രയമാണ് അമ്മ. അതേ പേരിലാണ് സ്വർഗ്ഗ രാജ്ഞിയേയും നാം വിളിക്കുക എൻ്റെ അമ്മ. ‘ ഇതാ നിൻ്റെ അമ്മ ‘ എന്നു പറഞ്ഞാണ് കുരിശിലെ ഈശോ അവളെ എനിക്ക് അമ്മയായി തന്നത്. ഈശോയുടെ അമ്മയാണ് എൻ്റെയും അമ്മ. എന്നും ജപമാല ഭക്തിപൂർവ്വം ജപിച്ചിരുന്ന മരിയൻ തിരുനാളുകളെല്ലാം ഭക്തിപൂർവ്വം ആചരിച്ചിരുന്ന മെയ് മാസ വണക്കം ആഘോഷമാക്കിയിരുന്ന ഒരു കുടുംബ പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നത്. എങ്കിലും വിശുദ്ധ യൗസേപ്പിതാവിനോടായിരുന്നു കൂടുതൽ ഇഷ്ടം . എനിക്ക് അതിന് ഒരു യുക്തിയുണ്ട്. മാതാവ് സ്വന്തം മകന് വേണ്ടി ത്യാഗം സഹിച്ചു. എന്നാൽ വിശുദ്ധ യൗസേപ്പ് കേവലം വളർത്തു പുത്രനെ ഇത്ര അധികമായി സ്നേഹിച്ചു. അവനുവേണ്ടി അധ്വാനിച്ചു. ക്ലേശിച്ചു. അതിനാൽ അദ്ദേഹമാണ് കൂടുതൽ ശ്രേഷ്ഠൻ . വളർന്നുവന്നപ്പോൾ അമ്മയെ കൂടുതൽ പഠിച്ചപ്പോഴാണ് അമ്മയുടെ മഹത്വം അൽപമെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത്.
തിരുസഭ പരിശുദ്ധ അമ്മയുടെ നാല് സിദ്ധികളെ അഥവാ സവിശേഷതകളെ വിശ്വാസസത്യങ്ങളായി പ്രഖ്യാപിച്ച് മക്കളെ പഠിപ്പിക്കുന്നു. മറിയത്തിന്റെ ദൈവമാതൃത്വം, അമലോത്ഭവം, നിത്യകന്യാത്വം സ്വർഗ്ഗാരോപണം. മറിയം പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായ ഈശോയുടെ അമ്മ . ഉത്ഭവ പാപത്തിന്റെ നിഴൽപോലും തീണ്ടാതെ ജനിച്ചവൾ കന്യാത്വത്തിന് ഭംഗം വരാതെ മാതൃത്വം സ്വീകരിച്ചവൾ ആത്മശരീരങ്ങളോടെ സ്വർഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടവൾ. ഈ നാലു മഹാ രഹസ്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു മനുഷ്യ വ്യക്തിയിൽ സാധ്യമായിട്ടുണ്ടോ? ഇനി സാധ്യമാകുമോ ? ഒരിക്കലും ഇല്ല എന്നാണ് ഉത്തരം . ഇതാണ് മറിയത്തിൻറെ മഹത്വം. ആരൊക്കെ മറിയത്തെ തള്ളിപ്പറഞ്ഞാലും അവഹേളിച്ചാലും അവൾ സ്വർഗ്ഗ റാണിയാണ് . മാലാഖമാരുടെ രാജ്ഞിയാണ്. നിത്യസഹായമാണ്. സംരക്ഷകയാണ്. അതുകൊണ്ടാണ് പരിശുദ്ധ മറിയം – എൻ്റെ അമ്മ എൻ്റെ ആശ്രയമായിരിക്കുന്നത്. ഇവളെക്കാൾ കൂടുതൽ ഞാൻ ആരെ സ്നേഹിക്കണം. ആരെ ആശ്രയിക്കണം. എൻ്റെ ജീവിതത്തിൽ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും, അത് ആത്മീയമോ ഭൗതികമോ ആവട്ടെ എൻ്റെ അമ്മ ശക്തമായി ഇടപെട്ട് വഴിതെളിക്കുന്നതും വഴിനടത്തുന്നതും എനിക്ക് അനുഭവമാണ്. അമ്മയുടെ കൈപിടിച്ച് അനുരഞ്ജന കൂദാശയ്ക്ക് അണയുമ്പോൾ കിട്ടുന്ന സൗഖ്യം വളരെ വലുതാണ്. എവിടെയും എൻ്റെ അമ്മ എൻ്റെ ആശ്രയം.
എൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒരു അനുഭവം ഞാൻ കുറിക്കട്ടെ .
എന്റെ ഏക സഹോദരൻ മരണത്തോട് സമീപിക്കുന്നു എന്ന് മനസ്സിലാക്കി കിടക്കയിൽ എഴുന്നേറ്റിരുന്ന് തൻ്റെ അഞ്ചു മക്കളെയും അടുത്തുവിളിച്ച്, വീട്ടിൽ പോവണം എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. ഭാര്യയുടെയും മക്കളുടെയും കൊച്ചു മക്കളുടെയും കൈകളിൽ നിന്ന് ചോദിച്ചു വാങ്ങി ഓരോ കവിൾ വെള്ളം കുടിച്ചു. ഇതൊരു യാത്ര പറച്ചിലാണെന്ന് മനസ്സിലാക്കി അവർ വിങ്ങി കരഞ്ഞു കൊണ്ടിരുന്നു. അദ്ദേഹം ശാന്തമായി തൻ്റെ കിടക്കയിൽ നീണ്ടുനിവർന്നു കിടന്നു. ദിവസങ്ങളായി കിടക്കാൻ ബുദ്ധിമുട്ടിയതു കൊണ്ട് എഴുന്നേറ്റിരിക്കുകയായിരുന്നു. എൻ്റെ അമ്മേ എന്റെ ആശ്രയമേ.. ആ അധരങ്ങൾ ചലിച്ചുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ ജപിച്ച ആ സുകൃതജപം അദ്ദേഹത്തിന് ശക്തിയും ആശ്വാസവും നൽകിയിരുന്നു . അമ്മയുടെ മടിയിൽ ശാന്തമായി കിടക്കുന്ന കുഞ്ഞിനെ പ്പോലെ പിറ്റേദിവസം ഒരു കുളിർ കാറ്റു പോലെ അമ്മ വന്ന് ആ ആത്മാവിനെ കൂട്ടിക്കൊണ്ടുപോയി. അമ്മയിൽ ആശ്രയിക്കുന്നവന് ജീവിതത്തിലും മരണത്തിലും അമ്മ ആശ്രയമായിരിക്കും.
സുകൃതജപം
എൻ്റെ അമ്മേ.. എൻ്റെ ആശ്രയമേ..
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
Leave a Reply