സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
അനുഗ്രഹീതമായ മെയ് മാസത്തിലൂടെ കടന്നു പോകുമ്പോൾ പരിശുദ്ധ അമ്മയുടെ ജീവിതം നമ്മൾ ധ്യാന വിഷയമാക്കുകയാണ്. മെയ് മാസത്തിൽ മാതാവിൻ്റെ തിരുസ്വരൂപം അലങ്കരിക്കാൻ ഞങ്ങൾ മത്സരിച്ച് ഓടുന്ന കൊച്ചു നാളുകൾ ഓർമ്മിക്കുകയാണ്. മാതാപിതാക്കളും എന്റെ സഹോദരങ്ങളും മാതാവിൻ്റെ ഭക്തരാണ്. മെയ് മാസ വണക്കവും നിത്യേനയുള്ള ഭക്തിനിർഭരമായ ജപമാലയർപ്പണവും പരിശുദ്ധ അമ്മയോട് കൂടുതൽ അടുക്കാൻ എന്നെ സഹായിച്ചു. പരിശുദ്ധ അമ്മയ്ക്ക് ദൈവം നൽകിയ വലിയ ഭാഗ്യവും കൃപയുമായിരുന്നു ദൈവമാതൃത്വം . ദൈവത്തോട് സർവാത്മനാ സഹകരിച്ചുകൊണ്ട് മറ്റൊരു മനുഷ്യ വ്യക്തിക്കും സാധിക്കാത്ത വിധത്തിലുള്ള ഒരു ഐക്യം മറിയത്തിന് ദൈവവുമായുണ്ടായി. ദൈവപുത്രനെ സ്വയം നഷ്ടപ്പെടുത്തുവാൻ തയ്യാറായാണ് അമ്മ ഈശോയെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഈശോയുടെ രക്ഷാകര പ്രവർത്തനത്തിന്റെ നിർണ്ണായക നിമിഷങ്ങളിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ ശ്ലീഹന്മാരെ ഒരുക്കുന്നതും ആത്മാവിനാൽ പൂരിതയായ അമ്മ തന്നെയാണ്. സമയത്തിൻ്റെ സമാപ്തിയിലും അവൾ സന്നിഹിതയാണ്. ദൈവവചനത്തിനുള്ള സമ്പൂർണ്ണ സമർപ്പണമാണ് മറിയത്തിന്റെ മഹിമയ്ക്ക് നിദാനം. ഏറ്റവും വലിയ മരിയ ഭക്തനായിരുന്ന ബിഷപ്പ് ഫുൾട്ടൻ ജെ. ഷീനിന്റെ ഒരു സങ്കല്പ കഥയുണ്ട് . അദ്ദേഹം മരിച്ച് ഈശോയുടെ സവിധേ എത്തി. തന്നെ ഈശോയ്ക്ക് പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ ഈശോ പറഞ്ഞു, എനിക്ക് അങ്ങയെ അറിയാം … എൻ്റെ അമ്മ അങ്ങയെപ്പറ്റി എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
” അവൻ യോഹന്നാനോട് പറഞ്ഞു ; ഇതാ നിൻ്റെ അമ്മ ” . ( യോഹ: 19:27) മക്കൾ അനാഥരാകാതിരിക്കുവാൻ ഈശോ കനിഞ്ഞ് നൽകിയ സ്വന്തം അമ്മ. ലോകം മുഴുവൻ്റെയും അമ്മയായി കുരിശിൽ വച്ച് ഈശോ തന്ന അമ്മ നിത്യസഹായ മാതാവാണ്. അപേക്ഷിച്ച ഒരുവനെയും ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയെ സൗജന്യ ദാനമായി ഈശോ നമുക്കു തന്നു . നമുക്കു വേണ്ടി ഈശോയുടെ പക്കൽ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന ഒരമ്മ നമുക്കുണ്ട് എന്നത് വലിയ ആശ്വാസജനകമാണല്ലോ. എനിക്കും ഈശോയ്ക്കും ഒരേയമ്മ . ആ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം.
സുകൃതജപം
എൻറെയും ഈശോയുടെയും പ്രിയപ്പെട്ട അമ്മേ, എൻറെ ഹൃദയം അങ്ങേ പ്രിയപുത്രന് അനുയോജ്യമായ വാസസ്ഥലമാക്കണമെ.
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
Leave a Reply