സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
ഈശോയുടെ ജീവിത വഴികളിലൂടെ സഞ്ചരിക്കുവാൻ ഈശോയുടെ അമ്മ ഉണ്ടായിരുന്നു. പരിശുദ്ധ അമ്മയെ കുറിച്ച് അങ്ങനെ പറയുവാനാണ് എനിക്കിഷ്ടം. കാരണം ഏറെയുണ്ട് എൻ്റെ ജീവിതത്തിൽ. ഒരു കുഞ്ഞിന് ഈ ഭൂമിയിൽ ജന്മം നൽകുന്നവളാണ് സ്ത്രീ. ആ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീയെ അമ്മ എന്ന് വിളിക്കും. അമ്മയെയും കുഞ്ഞിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണു പുക്കിൾകൊടി ബന്ധം. ഈ ഭൂമിയിലെ ഒന്നിനും ഈ ബന്ധത്തെ തിരുത്തി എഴുതുവാനും സാധിക്കുകയില്ല. ഇതുപോലെയാണ് പരിശുദ്ധ അമ്മയുമായുള്ള എൻ്റെ ആത്മീയ ബന്ധം.
പരിശുദ്ധ അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ, പരിശുദ്ധഅമ്മയുടെ ഹൃദയവും എൻ്റെ ഹൃദയവും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണു ഈശോ. ഈ ഭൂമിയിലെ ഒന്നിനും ഞാനും ഈശോ വഴി പരിശുദ്ധ അമ്മയുമായുള്ള ബന്ധം തിരുത്തി എഴുതുവാൻ സാധിക്കുകയില്ല. സന്ധ്യാ വേളയിൽ ഇടവകപള്ളിയിലെ മണി നാദം കേൾക്കുമ്പോൾ എൻ്റെ വല്യപ്പച്ചൻ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും ഒന്നിച്ചു കൂട്ടി ജപമാല ചൊല്ലുകയും എല്ലാവരോടുമായി പറയുമായിരുന്നു. ഒരു കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഒന്നിച്ചുള്ള ജപമാല പ്രാർത്ഥനയാണ് എന്ന്. ജപമാല ചൊല്ലി പ്രാർത്ഥിക്കാതെ അത്താഴം കഴിക്കരുത്, കിടന്നുറങ്ങരുത്. എൻെറ കുഞ്ഞു നാളിൽ വല്യപ്പച്ചൻ പറയുമായിരുന്നു ഈശോയ്ക്ക് ആഹാരം കൊടുത്തിട്ടേ നമ്മൾ ആഹാരം കഴിക്കാവൂ എന്ന്. ജപമാല ചൊല്ലി പ്രാർത്ഥിച്ച് ആഹാരം കൊടുക്കണം. എന്നിട്ട് വേണം നമ്മൾ ആഹാരം കഴിക്കുവാൻ.
കുഞ്ഞുന്നാളിൽ വീട്ടിൽ നിന്നും ലഭിച്ച പ്രാർത്ഥന ജീവിതവും ജപമാലഭക്തി സന്യാസ ജീവിതത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും ജപമാല പ്രാർത്ഥനയോടും പരിശുദ്ധ അമ്മയോടും ഉള്ള ബന്ധം ഓരോ ദിവസവും ജീവിതത്തിന് ശക്തിയും ഊർജ്ജവുമാണ്. വിശുദ്ധ അൾത്താരയിൽ ഈശോയുടെ സജീവസാന്നിധ്യം കുടികൊള്ളുന്ന പരിശുദ്ധ സക്രാരിയിൽ നോക്കി ജപമാല കൈകളിലെടുത്ത് ഓരോ ജപമാല മുത്തുകൾ എണ്ണി 53 മണി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന സമയം ഈശോയുടെ പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണം അനുഭവിച്ച് അറിയുകയാണ്.
സന്യാസജീവിത യാത്രയിൽ ഒത്തിരി പേരെ പരിചയപ്പെടുവാൻ ദൈവം അവസരം തന്നു. അതിൽ ചിലരെങ്കിലും പറയും സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന്. അങ്ങനെ അവരുടെ നിയോഗങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഈ സന്യാസജീവിതം കൊണ്ട് സാധിച്ചു. പിതാവായ ദൈവത്തിന്റെ മകളും ,പുത്രനായ ഈശോയുടെ അമ്മയും, പരിശുദ്ധാത്മാവിന്റെ മണവാട്ടിയും ആയ പരിശുദ്ധ കന്യകാമറിയത്തെ കുറിച്ച് സുവിശേഷത്തിൽ കാണുവാൻ സാധിക്കും(L K.1:28) “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി , കർത്താവു നിന്നോടുകൂടെ”.പരിശുദ്ധ കന്യകാമറിയത്തിന് ഗബ്രിയേൽ ദൂതൻ്റെ സന്ദേശം.
പരിശുദ്ധ അമ്മയെ ദൈവ കൃപ നിറഞ്ഞവൾ ആക്കി മാറ്റുവാൻ പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ യൊവാക്കിമിനേയും അന്നയേയും ദൈവം വാർദ്ധക്യത്തിൽ തിരഞ്ഞെടുത്ത് അവർക്ക് ദൈവം കൊടുത്ത വാത്സല്യ മകളായിരുന്നു പരിശുദ്ധ കന്യകാമറിയം. ഈശോയുടെ ജനത്തിനു വേണ്ടി ദൈവം വിശദീകരിച്ചു ഒരുക്കുകയായിരുന്നു.. ഇതുപോലെയാണ് ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും. ഓരോ മനുഷ്യൻ്റെ ജന്മത്തിനും ഒരു ജീവിത നിയോഗം ഉണ്ട്. ഈ വണക്കമാസത്തിൽ പരിശുദ്ധ അമ്മയോടും അവിടുത്തെ പുത്രനായ ഈശോയോടും നമുക്ക് പ്രാർത്ഥിക്കാം. എൻെറ ഈ മനുഷ്യ ജന്മം കൊണ്ട് ദൈവം എന്താണ് ആഗ്രഹിക്കുന്നത്. എൻെറ ജീവിതം കൊണ്ട് ഞാൻ ചെയ്തുതീർക്കേണ്ട കടമകൾ എന്തെല്ലാം എന്ന് എനിക്ക് കാണിച്ചു തരണമെ.
സുകൃതജപം
പരിശുദ്ധ അമ്മേ, മാതാവേ എൻ്റെ ജീവിത നിയോഗം എന്ത് എന്ന് എനിക്ക് വെളിപ്പെടുത്തി തരുവാൻ അവിടുത്തെ പുത്രനായ ഈശോയോട് അപേക്ഷിക്കണമേ!
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
Leave a Reply