സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
പരിശുദ്ധ കന്യകാമറിയത്തെ പ്രത്യേകം അനുസ്മരിക്കുന്ന മാസത്തിൻ്റെ മൂന്നാം ദിനത്തിലാണ് നമ്മളിപ്പോൾ. പരിശുദ്ധ കന്യകയുടെ അമലോത്ഭവം ഇന്ന് നാം അനുസ്മരിക്കുമ്പോൾ പാപം തെല്ലും ഏശാത്ത അമ്മയെ നമുക്ക് മാതൃകയും മദ്ധ്യസ്ഥയും ആക്കാം.

ഒമ്പതാം പീയൂസ് മാർപ്പാപ്പയാണ് 1854 ൽ പരി. കന്യകയുടെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. പരി. കന്യകയുടെ അമലോത്ഭവത്തെ അനുസ്മരിക്കുമ്പോൾ എൻ്റെ ജീവിതാനുഭവത്തിൽ ഒത്തിരിയേറെ നന്ദി നിറഞ്ഞ ഹൃദയമാണ് ഉണ്ടാകുക. കാരണം ഒരു സമർപ്പിത എന്ന നിലയിൽ പാപത്തിൻ്റെ ഒരു കറ പോലും ഏശാതെ കാത്ത് സംരക്ഷിച്ചവളാണ് പരിശുദ്ധ അമ്മ.

എൻ്റെ ദൈവവിളി തന്നെ വലിയ ഒരു സത്യം വിളിച്ചോതുന്നത് പരി. അമ്മയുടെ വലിയ ഒരു കരസ്പർശം എപ്പോഴും എൻ്റെ കൂടെയുണ്ടായിരുന്നു എന്ന വസ്തുതയാണ്. കാരണം ഈശോയുടെ മണവാട്ടിയാകുവാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പല തടസ്സങ്ങളും ഉണ്ടായിരുന്നു. എൻ്റെ മാതൃദേവാലയം പരിശുദ്ധ അമ്മയുടെ നാമത്തിലായിരുന്നു. 9 ശനിയാഴ്ച്ച മാതാവിൻ്റെ നൊവേന മുടങ്ങാതെ ചൊല്ലി വിശുദ്ധ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. തത്ഫലമായി പരി. അമ്മ തന്നെ എന്നെ അനുഗ്രഹിച്ചു. ഇന്ന് 34 വർഷങ്ങൾ പിന്നിടുമ്പോൾ അമലോത്ഭയായ മാതാവിൻ്റെ മദ്ധ്യസ്ഥത്താൽ നിരന്തരമായ അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.

പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ഇന്ന് സമർപ്പിത ജീവിതങ്ങൾ മുന്നേറുമ്പോൾ ഒത്തിരി തെറ്റായ വാർത്തകൾ മാദ്ധ്യമങ്ങളിലൂടെയും സമർപ്പിത ജീവിതങ്ങൾക്ക് വില കല്പിക്കാത്തവരിലൂടെയും പ്രസരിക്കുമ്പോൾ ഇന്നത്തെ ലോകം അറിയേണ്ട വലിയൊരു സത്യമുണ്ട്! അനുഗ്രഹിക്കപ്പെട്ട സമർപ്പിത ജീവിതങ്ങൾക്ക് ലോകത്തിൻ്റെ മുമ്പിലും മനുഷ്യ ഹൃദയങ്ങളിലും വിലയുണ്ട്. വി. മദർ തെരേസാ ഏറ്റവും വലിയ ഉദാഹരണമാണല്ലോ.

പുണ്യജീവിതവും വിശുദ്ധിയും നമ്മൾ ആഗ്രഹിച്ചാൽ, ദൈവത്തിൻ്റെ നന്മയെ നാം ധ്യാനിച്ചാൽ ദൈവം നല്കുന്ന നന്മകൾ ഒരിക്കലും വിവരിക്കാനാവാത്തതാണ്. ഈശോയുടെ തിരുഹൃദയത്തിൽ എന്നെ തന്നെ സമർപ്പിച്ചപ്പോൾ ആത്മീയപ്രകാശം കൂടുതൽ കൃപയിലേയ്ക്ക് എന്നെ നയിക്കുവാൻ സഹായിച്ചു. പരിശുദ്ധ അമ്മയേപ്പോലെ ദൈവേഷ്ടം അന്വേഷിച്ച് കണ്ടെത്തി പൂർണ്ണമായും നിറവേറ്റുവാൻ അമലോത്ഭവയായ പരി. അമ്മ നമ്മെ ഓരോരുത്തരേയും സഹായിക്കട്ടെ.

സുകൃതജപം.
അമലോത്ഭവ ജനനീ, മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊള്ളണേ..

പരി. അമ്മയോടുള്ള സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.