സ്പിരിച്വൽ ഡെസ്ക്, മലയാളം യുകെ.
തിരുസഭ പരി. അമ്മയെ വണങ്ങുന്നതിനായി ആവശ്യപ്പെടുന്ന മെയ് മാസത്തിലെ ഓരോ ദിനങ്ങളും പിന്നിടുമ്പോൾ അമ്മയുടെ ചൈതന്യം സ്വായത്തമാക്കി കൊണ്ട് ഈശോയെ അനുഗമിക്കുന്നതിൽ ഒരു പടി ഉയരാൻ സാധിച്ചാൽ സ്വർഗ്ഗം നേടി എന്നു പറയേണ്ടി വരും. പാപങ്ങളും തിന്മകളും അപകടങ്ങളും അപ്രതീക്ഷിത മരണങ്ങളും വർദ്ധിച്ച് പ്രതിസന്‌ധികളും ബുദ്ധിമുട്ടുകളും നമുക്ക് ചുറ്റും വലയം ചെയ്യുന്ന ഈ കാലഘട്ടത്തിൽ പരി. അമ്മ നമ്മേ നോക്കി ഇന്നും പറയുന്നു. ” അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ”.

സ്വർഗ്ഗം വിടരുന്ന തിരുമുഖത്തേയ്ക്ക് നോക്കിയിരിക്കാനും ആ മുഖത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും അവിടുത്തെ തിരുമൊഴിക്ക് ചെവികൊടുക്കാനും പരിശീലിപ്പിക്കുന്നവളാണ് പരി. അമ്മ.
“എൻ്റെ അമ്മേ.. എൻ്റെ ആശ്രയമേ” എന്ന സുകൃതജപം ചൊല്ലിയും ജപമാല പ്രാർത്ഥന ചൊല്ലി നിയോഗങ്ങൾ സമർപ്പിക്കുകയും ചെയ്യുമ്പോൾ ഈശോയ്ക്ക് പ്രിയപ്പെട്ടവളായി ജീവിക്കുവാൻ പരി. അമ്മ എൻ്റെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെടാറുണ്ട്. 22 വർഷങ്ങൾക്ക് മുമ്പ് എലിപ്പനി ബാധിച്ച് 2കിഡ്നികളുടെയും പ്രവർത്തനം നിലച്ച് ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന ഞങ്ങളുടെ അമ്മയുടെ അടുക്കൽ ഇരുന്ന് ഇടവിടാതെ ജപമാല പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്ന സമയത്ത് അമ്മയുടെ അടുക്കൽ ഈശോ വന്നതും തൊട്ടതും അനുഗ്രഹിച്ചതും കോമ സ്റ്റേജിൽ ആയിരുന്ന അമ്മ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വിവരിച്ചത് ഞങ്ങൾക്ക് അവിസ്മരണീയമാണ്. അതിനു ശേഷം ഒരു ഡയാലിസ് പോലും ഇല്ലാതെ ജീവിക്കുന്ന അമ്മയാണ് എനിക്കുള്ളത് എന്നാണ് ഈ ലോകത്തിന് നൽകാനുള്ള എൻ്റെ സാക്ഷ്യം.

ഈശോയുടെ കരുണയുടെ സമ്പന്നത നിറഞ്ഞ് നിൽക്കുന്ന തിരുഹൃദയം ഓരോ ദിവസവും തിരുവോസ്തിയിൽ അർപ്പിച്ച് അസ്വസ്ഥമായ ഈ ലോകത്തിലേയ്ക്ക് കരുണ ലഭിക്കേണ്ട മേഖലകളെ ചേർത്ത് വെച്ച് ജന്മപാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഈ വണക്കമാസ കാലം കടപ്പെട്ടുത്തുന്നു. വിശ്വാസത്തോടെ ദൈവമായ വചനത്തെ ഹൃദയത്തിൽ സംഗ്രഹിച്ച് സ്നേഹത്തോടെ മാഠസമായ വചനത്തെ ഉദരത്തിൽ സഹിച്ച് പ്രത്യാശയോടെ മനുഷ്യനായ വചനത്തെ ലോകത്തിന് പ്രദാനം ചെയ്ത അമ്മയെ സ്നേഹിക്കാം.. മാതൃകയാക്കാം …

സുകൃതജപം.
സ്വർഗ്ഗവാസിയായ മറിയമേ.. ഭൂവാസികളായ ഞങ്ങൾക്കും നീ രാജ്ഞിയായിരിക്കേണമേ..

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.