ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെസ്റ്റ്മിനിസ്റ്റെർ : ബ്രിട്ടീഷ് പാർലമെന്റ് നിർത്തിവെച്ച ജോൺസന്റെ നടപടി സുപ്രീംകോടതി റദാക്കിയതിനെ തുടർന്ന് എംപിമാർ ബുധനാഴ്ച പാർലമെന്റിൽ തിരിച്ചെത്തിയിരുന്നു.എന്നാൽ സുപ്രീം കോടതി വിധിയെത്തുടർന്ന് ന്യൂയോർക്ക് യാത്ര പാതിയിൽ ഉപേക്ഷിച്ച് തിരികെയെത്തിയ ജോൺസനെ കാത്തിരുന്നത് വൻ തിരിച്ചടിയായിരുന്നു. അടുത്താഴ്ച നടക്കുന്ന ടോറി പാർട്ടി വാർഷിക സമ്മേളനത്തിനായി പാർലമെന്റ് 3 ദിവസത്തേക്ക് നിർത്തിവെക്കാൻ ജോൺസൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്നലെ എംപിമാർ ഇതിനെതിരെ വോട്ട് ചെയ്തു. 289നെതിരെ 306 വോട്ടുകൾക്ക് സർക്കാർ പരാജയപ്പെട്ടു. ജോൺസൻ പ്രധാനമന്ത്രി ആയതിനുശേഷം നടത്തപ്പെട്ട എട്ട് വോട്ടെടുപ്പുകളിൽ ഏഴാമത്തെ തോൽവിയാണ് സർക്കാർ ഏറ്റുവാങ്ങുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന ടോറി പാർട്ടി വാർഷിക സമ്മേളനത്തിനിടയിലും പാർലമെന്റ് സാധാരണ ഗതിയിൽ നടക്കുമെന്ന് ഉറപ്പായി. വാർഷിക സമ്മേളനത്തിൽ ബുധനാഴ്ച മുഖ്യപ്രഭാഷണം നടത്താനിരുന്ന ബോറിസ് ജോൺസൻ അതിൽ മാറ്റം വരുത്തി അന്നേദിവസം പാർലമെന്റിൽ എത്തേണ്ടി വരും. പാർലമെന്റ് ഇടവേളയ്‌ക്കെതിരെ എം‌പിമാർ വോട്ട് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ലിബറൽ ഡെമോക്രാറ്റ് ബ്രെക്‌സിറ്റ് വക്താവ് ടോം ബ്രേക്ക് അഭിപ്രായപ്പെട്ടു.

ഇതിനിടയിൽ, 2016 ലെ യൂറോപ്യൻ യൂണിയൻ റഫറണ്ടം പ്രചാരണ വേളയിൽ കൊല്ലപ്പെട്ട ലേബർ പാർട്ടി എംപിയായ ജോ കോക്സിനെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗം ബ്രെക്‌സിറ്റ് പൂർത്തിയാക്കുകയെന്നതാണെന്ന ജോൺസന്റെ അഭിപ്രായം വിവാദത്തിന് വഴിയൊരുക്കി. ഈയൊരു പ്രസ്താവന നടത്തിയ പ്രധാനമന്ത്രി ക്ഷമ ചോദിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.