ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ ഭരണം പിടിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കമുയരാതിരിക്കാനുള്ള ജാഗ്രതയിൽ പാർട്ടി ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സരത്തിനിറങ്ങുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യം സജീവം. തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിൽ ഇല്ലെന്നും സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിനു മുൻപ് ഗ്രൂപ്പ് പോര് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന നേതൃത്വം ഒന്നിച്ചു നിൽക്കണമെന്ന സന്ദേശം ഹൈക്കമാൻഡ് നൽകുന്നത്. തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാൻ സാധിച്ചാൽ, മുഖ്യമന്ത്രി പദം സംബന്ധിച്ച് അവകാശവാദം മുറുകുമെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശമുന്നയിക്കാൻ പൂർണ യോഗ്യരാണെന്നും തിരഞ്ഞെടുപ്പിനു ശേഷം കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിക്കുന്നയാൾ ആ പദവിയിലെത്തുമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. എ– ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം മുറുകിയാൽ സമവായ സ്ഥാനാർഥിയായി മുഖ്യമന്ത്രി പദം ലഭിക്കുന്നതിന്റെ നേരിയ സാധ്യത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കാണുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ മണ്ഡലങ്ങളിലൊന്നിൽ മുല്ലപ്പള്ളി മത്സരിക്കാനിറങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം.

മുഖ്യമന്ത്രിയുടെ കാര്യത്തിൽ തർക്കം ഉടലെടുത്താൽ, അതിനു പരിഹാരവഴി കാണാനുള്ള ഹൈക്കമാൻഡ് സംഘത്തിനു രാഹുൽ ഗാന്ധി ആയിരിക്കും നേതൃത്വം നൽകുക. അനാരോഗ്യം അലട്ടുന്ന ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി സംഘടനാകാര്യങ്ങളിൽനിന്നു വിട്ടു നിൽക്കുകയാണ്. സംസ്ഥാനത്തേയ്ക്കുള്ള മുതിർന്ന നിരീക്ഷകനായി നിയോഗിക്കപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും അനുരഞ്ജന ചർച്ചകളിൽ പങ്കാളികളാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങൾ മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. 2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണം പിടിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ നേതാക്കൾ മുഖ്യമന്ത്രി പദത്തിനായി ചേരിതിരിഞ്ഞു പോരടിച്ചു. മധ്യപ്രദേശിൽ കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു ചേക്കേറി. പിന്നാലെ, കോൺഗ്രസ് സർക്കാർ നിലംപതിച്ചു.

രാജസ്ഥാനിൽ മുഖ്യമന്ത്രി ഗെലോട്ടിനെതിരെ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കലാപക്കൊടി ഉയർത്തി. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഏതാനും എംഎൽഎമാർക്കൊപ്പം പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കിയ സച്ചിനെ പ്രിയങ്ക ഗാന്ധി ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഒടുവിൽ പാർട്ടിക്കു വഴങ്ങിയെങ്കിലും ഉപ മുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് സ്ഥാനങ്ങൾ സച്ചിന് നഷ്ടമായി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ മുഖ്യമന്ത്രിയാക്കിയതിൽ മുതിർന്ന നേതാവും ആരോഗ്യ മന്ത്രിയുമായ ടി.എസ്. സിങ് ദേവിന് കടുത്ത അമർഷമുണ്ട്.