ഓടുന്ന ട്രെയിനില്‍ വെച്ച് 51 കാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍. 14 വയസുള്ള മകന്റെ മുന്നില്‍ വെച്ചാണ് പിതാവ് കുത്തേറ്റു മരിച്ചത്. ഗില്‍ഫോര്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള 12.58 സര്‍വീസില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസ് പുറത്തു വിട്ടു. 20നും 30നും ഇടയില്‍ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരനായ മെലിഞ്ഞ യുവാവാണ് പ്രതി. കറുത്ത വസ്ത്രം ധരിച്ച ഇയാള്‍ക്ക് ആറടി ഉയരവും താടിയുമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കി. ഇയാളില്‍ നിന്ന് അകലം പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍ ഏറ്റിട്ടുണ്ട്. പ്രതിയുമായി ഇയാള്‍ക്ക് മുന്‍പരിചയമില്ല എന്ന നിഗമനത്തിലാണ് പോലീസ്.
കൊലയ്ക്ക് ശേഷം ക്ലാന്‍ഡനില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം എമര്‍ജന്‍സി സര്‍വീസില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മറ്റൊരു യാത്രക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ട്രെയിനിനുള്ളില്‍ വെച്ചുതന്നെ പരിക്കേറ്റയാള്‍ മരിച്ചുവെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സൂപ്പറിന്റന്‍ഡെന്റ് പോള്‍ ലാംഗ്ലി പറഞ്ഞു. പോലീസും അതിനു മുമ്പ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ഡ്രൈവറും ചേര്‍ന്ന് കുത്തേറ്റയാള്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഇയാള്‍ക്ക് ഏറ്റിരുന്നു. കഴുത്തിലും കുത്തേറ്റതായാണ് വിവരം.
ഉച്ചക്ക് 1.00 മണിക്കാണ് കൊല്ലപ്പെട്ടയാള്‍ തന്റെ മകനുമായി ട്രെയിനില്‍ കയറിയത്. ഗില്‍ഫോര്‍ഡിലെ ലണ്ടന്‍ റോഡ് സ്‌റ്റേഷനില്‍ നിന്നായിരുന്നു ഇയാള്‍ കയറിയത്. പ്രതി രക്ഷപ്പെട്ട ക്ലാന്‍ഡനിലെ വയലില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. രക്തത്തില്‍ കുതിര്‍ന്ന ഒരു ഹാറ്റും വിയര്‍ത്തു കുളിച്ച ഒരാളെയും പ്രദേശ വാസിയായ സ്ത്രീ കണ്ടുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ട്രാക്കര്‍ ഡോഗുകളെയും വിന്യസിച്ചിട്ടുണ്ട്.
Leave a Reply