ബര്‍മിംഗ്ഹാം: ഗ്രീസിലെ കെഫലോണിയയില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് എത്തിയ തോംസണ്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഈ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. ഗ്രൗണ്ട് ജീവനക്കാരുടെ പിഴവ് മൂലം യാത്രക്കാര്‍ 20 മിനിറ്റോളം വിമാനത്തില്‍ കുടുങ്ങി. ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്ക് ഘടിപ്പിക്കുന്ന എയര്‍ ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാനുള്ള താക്കോല്‍ കാണാതായതാണ് പ്രശ്‌നത്തിന് കാരണം. ഇലക്ട്രോണിക് താക്കോലിനായി ജീവനക്കാര്‍ പരക്കം പായുകയായിരുന്നു.
ഇതിനിടെ യാത്രക്കാരെ പുറത്തെത്തിക്കാന്‍ മറ്റുമാര്‍ഗങ്ങളുണ്ടോ എന്നായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ട്രാക്റ്റ് കമ്പനി സ്വിസ്‌പോര്‍ട്ടിന്റെ ശ്രമം. സെപ്റ്റംബര്‍ 28നായിരുന്നു സംഭവമുണ്ടായത്. എയര്‍ബ്രിഡ്ജ് ഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ വിമാനത്തിലെ എസി പ്രവര്‍ത്തിപ്പിച്ചുകൊണ്ടേയിരിക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായെന്ന് യാത്രക്കാരനായ ഡെന്നീസ് സ്മിത്ത് പറഞ്ഞു. സംഭവം ഗൗരവമുള്ളതാണെങ്കിലും തമാശയാണ് തോന്നിയതെന്ന് 74കാരനായ സ്മിത്ത് പറഞ്ഞു. വിമാനത്തില്‍ നിന്ന് താഴെയിറങ്ങാന്‍ ഇനി പാരച്യൂട്ട് വേണ്ടിവരുമോ എന്നായിരുന്നു സംശയമെന്നും അദ്ദേഹം പരിഹസിച്ചു.
സംഭവം ബര്‍മിംഗ്ഹാം വിമാനത്തവാള അധികൃതരും സ്ഥിരീകരിച്ചു. പുതിയ ഷിഫ്റ്റില്‍ എത്തിയ ജീവനക്കാര്‍ക്ക് താക്കോല്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായതെന്നായിരുന്നു സ്വിസ്‌പോര്‍ട്ട് നല്‍കിയ വിശദീകരണം. സാധാരണ ഗതിയില്‍ ബ്രിഡ്ജിനുള്ളില്‍ത്തന്നെയാണ് ഇത് വെക്കാറുള്ളത്. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തേക്കുറിച്ച് അടുത്ത കാലത്ത് പരാതികള്‍ ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ കുറവ് മൂലം ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് താമസിക്കുന്നതായും ഇത് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നതായും കണ്ടെത്തിയിരുന്നു.
Leave a Reply