ന്യൂസ് ഡെസ്ക് മലയാളം യുകെ
സ് കോട്ട്‌ലൻഡ് : യുകെയിൽ പര്യടനം നടത്തുന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്ക് സ് കോട്ട്‌ലൻഡിൽ ഇറങ്ങാൻ അനുവാദമില്ല. നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ കാരണം ഗ്രീനോക്ക് തുറമുഖത്ത് പ്രവേശിക്കുന്നത് സ്കോട്ടിഷ് ഗവൺമെന്റ് തടയുന്നുവെന്ന് എംഎസ്‌സി വിർച് വോസയുടെ ഓപ്പറേറ്റർ അറിയിച്ചു. ഏഴ് ദിവസത്തെ യുകെ പര്യടനത്തിനായി ഈ ആഴ്ച ആദ്യം ലിവർപൂളിൽ നിന്ന് പുറപ്പെട്ട കപ്പലാണ് ഇത്. സ് കോട്ട്‌ലൻഡിലെ എല്ലാ നിയന്ത്രണങ്ങളും ഫസ്റ്റ് ലെവലിൽ എത്തുമ്പോൾ മാത്രമേ ആഭ്യന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയൂ എന്ന് സർക്കാർ വ്യക്തമാക്കി. യാത്രകളുടെ അപകടസാധ്യത അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം സ്വീകരിച്ചത്. 6,000 ൽ അധികം യാത്രക്കാരെ വഹിക്കാൻ കഴിയുമെങ്കിലും നിലവിൽ സാമൂഹിക അകലം പാലിച്ച് 900 ൽ താഴെ യാത്രക്കാർ മാത്രമാണ് കപ്പലിൽ ഉള്ളത്.

ഗ്രീനോക്കിൽ ബുധനാഴ്ച നിശ്ചയിച്ച സ്റ്റോപ്പ് റദ്ദാക്കേണ്ടതുണ്ടെന്ന് സ് കോട്ടിഷ് പാസഞ്ചർ ഏജന്റ്സ് അസോസിയേഷൻ സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന സ് കോട്ടുകാർക്ക് സ്വന്തം രാജ്യത്തേക്ക് കാലെടുത്തുവെക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതായി വ്യവസായ സംഘം പറഞ്ഞു. ഗ്രീനോക്കിൽ വച്ച് യാത്രക്കാർക്ക് കപ്പലിൽ കയറാനും കഴിയില്ല. കപ്പലിലുള്ള എല്ലാവരും യുകെയിലെ താമസക്കാരാണെന്നും പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരാണെന്നും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്നും എസ്‌പിഎഎ പറഞ്ഞു.

ഗ്ലാസ്ഗോ ആസ്ഥാനമായുള്ള ഗ്ലെൻ ട്രാവലിൽ ജോലി ചെയ്യുന്ന മിഷേൽ ലിസ്റ്റർ ലിവർപൂളിൽ നിന്ന് കപ്പലിൽ കയറിയിരുന്നു. “നാളെ രാവിലെ ഗ്രീനോക്കിലേക്ക് പോകാമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്വന്തം രാജ്യത്തേക്ക് പോകാൻ ഞങ്ങളെ അനുവദിക്കുന്നില്ല. ഇത് ശരിക്കും നിരാശാജനകമാണ്.” അവൾ തുറന്നുപറഞ്ഞു. കഴിഞ്ഞ 18 മാസമായി കപ്പൽയാത്രാ വ്യവസായം വളരെ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് വെസ്റ്റ് കിൽബ്രൈഡിലെ എൽഎഎച്ച് ട്രാവൽ ഉടമയായ ലിൻഡ ഹിൽ അറിയിച്ചു. എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങളുടെ ആഘാതം പൂർണ്ണമായി മനസ്സിലാക്കിയതായി സ് കോട്ടിഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ദുരിതബാധിതരായ യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് ഓപ്പറേറ്ററുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്.
	
		

      
      



              
              
              




            
Leave a Reply