വിമാനം കണ്ടാൽ ശ്വാസമടക്കിപ്പിടിച്ചു പേടിയോടെ നോക്കി നിൽക്കുന്നവരുണ്ട്. അതുപോലെ എത്രതവണ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഭയപ്പെടുന്നവരാണ് കൂടുതൽ പേരും. അപ്പോഴാണ് വിമാനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വിമാനം തകരാൻ പോവുകയാണെന്ന് കേൾക്കേണ്ടിവരുക. ഒന്നാലോചിച്ചു നോക്കൂ, ഇത്തരമൊരു അവസ്ഥയിൽ യാത്രക്കാരുടെ പ്രതികരണം എന്തായിരിക്കും?
അങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നിരിക്കുകയാണ് ലണ്ടനിൽ നിന്നും പോളണ്ടിലേക്ക് തിരിച്ച ടൈറ്റാന്‍ എയര്‍വെയ്‌സ്; വിമാനത്തിലെ യാത്രക്കാർക്ക്. ദി ബോയിങ് 767 വിമാനത്തിലാണ് പറക്കുന്നതിനിടെ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടത്. തുടർന്ന് കാബിൻ ക്രൂ നൽകിയ സുരക്ഷാ നിർദ്ദേശത്തെ തുടർന്ന് യാത്രക്കാർക്കെല്ലാം ഓക്സിജൻ മാസ്‌ക് ധരിപ്പിച്ചു. എന്നാൽ ഇത്തരമൊരു സാഹചര്യത്തെ യാത്രക്കാർ നേരിട്ടത് പ്രാർഥനയോടെയാണ്. യാത്രക്കാരെല്ലാം ഓക്സിജൻ മാസ്‌ക് ധരിച്ചു പ്രാർഥിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്.
പോളണ്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന യഹൂദന്മാരായ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ പ്രാർഥന കൊണ്ടാണോ എന്നറിയില്ല വിമാനത്തിന് അപകടമൊന്നും സംഭവിച്ചില്ല. യാത്രക്കാരെ സുരക്ഷിതരായി ആംസ്റ്റർഡാമിൽ ഇറക്കുകയായിരുന്നു. അടിയന്തിരമായി ചെയ്ത പ്രവർത്തി മൂലം വൻ ദുരന്തമാണ് ഒഴിവായത്.