ലണ്ടന്‍: ഐടി തകരാറ് മൂലം സര്‍വീസുകള്‍ റദ്ദാക്കിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് മറ്റു വിമാന സര്‍വീസുകളില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കെതിരെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുമായി രംഗത്ത്. പകരം യാത്രാ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ബിഎ അറിയിച്ചിരുന്നു. എന്നാല്‍ വീക്കെന്‍ഡില്‍ യാത്രകള്‍ക്കായി എത്തിയ ചില യാത്രക്കാര്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തു. ഇങ്ങനെ ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിനുള്ള പണം നല്‍കാനാവില്ലെന്നുംം ട്രാവല്‍ ഇന്‍ഷുറന്‍സിലൂടെ പണം അവകാശപ്പെടാമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് അപ്രകാരം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഫ്‌ളൈറ്റുകള്‍ റദ്ദാക്കുമ്പോള്‍ പകരം യാത്രാ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലഭ്യമായ മറ്റു സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ റിട്ടേണ്‍ ടിക്കറ്റ് എടുത്ത് മറ്റു വിമാനങ്ങളില്‍ പോയവര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കും. കമ്പനിയുമായി ബന്ധപ്പെട്ട് റിട്ടേണ്‍ ടിക്കറ്റ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് ഐടി തകരാര്‍ മൂലം ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളില്‍ നിന്നുള്ള ബിഎ വിമാനങ്ങള്‍ എല്ലാം റദ്ദാക്കിയത്.

വാരാന്ത്യ യാത്രകള്‍ക്ക് തയ്യാറെടുത്തു വന്നവര്‍ക്കാണ് ഇത് ദുരിതമായത്. ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നാണ് കണക്ക്. ഞായറാഴ്ചയും ചില സര്‍വീസുകളെ ഈ പ്രതിസന്ധി ബാധിച്ചു. രണ്ടു വിമാനത്താവളങ്ങളിലെയും ബിഎ ടെര്‍മിനലുകള്‍ക്കു മുന്നില്‍ നിരാശരായ യാത്രക്കാര്‍ കൂടി നില്‍ക്കുന്നത് കാണാമായിരുന്നു.