പത്തനംത്തിട്ടയില്‍ ബിരുദവിദ്യാര്‍ഥിനിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ തുമ്പില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറസന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്‌ന മരിയം ജയിംസിനെ (20) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 22നു രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്‌ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്.
രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ്. മുക്കൂട്ടുതറ വരെയെത്തിയെന്നും പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നതായാണ് ഡ്രൈവറോടു പറഞ്ഞതുമായാണ് വിവരം. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്‌ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.
പൊതുവെ ശാന്തശീലയായ പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കോണ്‍ട്രാക്ടറായ പിതാവ് ജയിംസും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ സഹോദരന്‍ ജെയ്‌സും രാത്രിയില്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ജെസ്‌ന വീട്ടില്‍ ഇല്ലെന്നറിഞ്ഞത്. ബന്ധുവീട്ടില്‍ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ അവിടെയെങ്ങും എത്തിയിട്ടില്ലെന്നു മനസിലായി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ജെസ്‌നയെ കാണാതായ കേസ് വനിതാ പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേശ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്‌നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പോലീസ് നിഗമനം.
Leave a Reply