സമ്പല്‍ സമൃദ്ധി വാഗ്ദാനം വിശ്വസിച്ച് നരബലിക്ക് ഭഗവല്‍ സിങും ഭാര്യ ലൈലയും ഒരുങ്ങിയത് ഷാഫിയുടെ വാക്കുകേട്ടാണ്. ഇയാളാണ് കൊലപ്പെടുത്താനുള്ള ആളുകളെ വലയില്‍ വീഴ്ത്തി ഭഗവലിന്റെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. നരബലിക്ക് പിന്നാലെ ഷാഫിക്ക് നല്‍കിയത് ലക്ഷങ്ങള്‍ ലൈലയും ഭഗവലും കൈമാറിയിരുന്നു.

ഇതോടെ ഇയാള്‍ ഈ തട്ടിപ്പ് തുടരാന്‍ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ അടുത്തയാളെ വലയിലാക്കും മുന്‍പ് തന്നെ പോലീസ് പിടികൂടിയതിനാല്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി.റോസ്ലിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റിയിരുന്നു.

തുടര്‍ന്ന് വീണ്ടും നരബലിക്ക് ഭഗവലിനെയും ലൈലയെയും പറഞ്ഞ് സമ്മതിപ്പിച്ച ശേഷം പത്മത്തെ കെണിയില്‍ വീഴ്ത്തി. പത്മത്തെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തും മുമ്പ് ലക്ഷങ്ങള്‍ ദമ്പതിമാരില്‍ നിന്ന് ഇയാള്‍ വാങ്ങിയെടുത്തിരുന്നു.

പലതവണയായി പത്ത് ലക്ഷത്തോളം രൂപ ഷാഫി ഇവരില്‍ നിന്ന് വാങ്ങിയെടുത്തു. ഈ പണം നല്‍കിയത് ബാങ്ക് വഴിയാണോ നേരിട്ടാണോ എന്ന കാര്യം വ്യക്തമല്ല. ഇയാള്‍ കൈപ്പറ്റിയ തുക സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇയാളുടെ ബാങ്ക് വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കസ്റ്റഡിയില്‍ എടുത്ത ശേഷം പണമിടപാട് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പോലീസ് സംഘം നടത്തും.

ആരേയും വീഴ്ത്തുന്ന രീതിയില്‍ പച്ചക്കള്ളങ്ങള്‍ സംസാരിക്കുന്നതാണ് ഷാഫിയുടെ രീതി. പണത്തിനായി ഇയാള്‍ ഏതറ്റം വരേയും പോകും. അതേസമയം, ഷാഫി ലക്ഷ്യമിട്ടത് പണം മാത്രമായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.

മുന്‍പും പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടും കുറ്റവാളിയായ ഷാഫി ലൈംഗികവൈകൃതത്തിനും അടിമയായിരുന്നു. പൂജയും ആഭിചാരക്രിയകളും ഫലിക്കാനായി ഭര്‍ത്താവായ ഭഗവല്‍ സിങ്ങിനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളെ സാക്ഷിയാക്കി ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പോലീസ് പറയുന്നു. ഈ സമയത്ത് കൈകള്‍ കൂപ്പി മന്ത്രങ്ങള്‍ ഉച്ചരിച്ച് ഭഗവല്‍ സിങ് നോക്കി നില്‍ക്കുകയായിരുന്നു.

ഈ ദമ്പതിമാരില്‍ നിന്നും ലഭിച്ച സാമ്പത്തിക നേട്ടത്തില്‍ സന്തുഷ്ടനായ ഷാഫി ഇനിയും ഈ തന്ത്രം ഉപയോഗിക്കാം എന്ന് കരുതിയിരുന്നു. അതിന് വേണ്ടി പല ആളുകളെയും സമീപിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.