ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളിൽ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ഉള്ള സംതൃപ്തി ഏറ്റവും കുറഞ്ഞ നിലയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ മുതിർന്നവരിൽ 21 ശതമാനം മാത്രമാണ് നിലവിൽ എൻഎച്ച്എസ്സിന്റെ ആരോഗ്യ സേവനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത് . ഒരു വർഷം മുമ്പ് ഇത് 24 ശതമാനം ആയിരുന്നു. അതുപോലെതന്നെ മുതിർന്നവരിൽ മൂന്നിലൊന്നിൽ താഴെ അതായത് 31 ശതമാനം മാത്രമാണ് ജി പി സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കിംഗ്സ് ഫണ്ടിനൊപ്പം ഡാറ്റ വിശകലനം ചെയ്ത നഫ്ഫീൽഡ് ട്രസ്റ്റ് തിങ്ക്ടാങ്കിലെ പോളിസി അനലിസ്റ്റായ മാർക്ക് ദയാൻ പറഞ്ഞു. നിലവിലെ ലേബർ സർക്കാരിനും പുറത്തുവരുന്ന റിപ്പോർട്ടുകൾ ഒട്ടും ശുഭകരമല്ല. കാരണം അധികാരമേറ്റെടുത്ത് ഏകദേശം ഒരു വർഷമാകുന്ന സമയത്ത് അടിക്കടി എൻഎച്ച്എസ്സിന്റെ പ്രവർത്തനം താളം തെറ്റുന്നതിന്റെ വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എൻഎച്ച്എസ്സിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും കാത്തിരിപ്പു സമയം കുറയ്ക്കുമെന്നും ലേബർ പാർട്ടിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇതിനോട് അനുബന്ധിച്ച് പല പരിഷ്കരണങ്ങളും സർക്കാർ എൻ എച്ച് എസിൽ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞയിടെയാണ് ബ്യൂറോക്രസിയുടെ അമിത സ്വാധീനം ഒഴിവാക്കാനായി എൻഎച്ച്എസ് ഇംഗ്ലണ്ടിനെ പിരിച്ചുവിടാനുള്ള നിർണ്ണായക തീരുമാനം സർക്കാർ കൈക്കൊണ്ടത്.


കഴിഞ്ഞ ലേബർ സർക്കാർ അധികാരത്തിൽനിന്ന് വിട്ട വർഷമായ 2010 – ൽ എൻഎച്ച്എസിൻ്റെ മേലുള്ള സംതൃപ്തി രേഖപ്പെടുത്തിയവരുടെ എണ്ണം 70 ശതമാനം ആയിരുന്നു. എന്നാൽ 2019 – ലെ കോവിഡ് മഹാമാരിക്ക് മുമ്പ് ഇത് 60 ശതമാനമായിരുന്നു. മഹാമാരിക്ക് ശേഷം പടിപടിയായി എൻഎച്ച്എസിൻ്റെ പ്രവർത്തനം താളം തെറ്റുന്നതായാണ് കണ്ടത് . എൻ എച്ച് എസ് ദന്തചികിത്സയോടുള്ള സംതൃപ്തി 2019-ൽ 60% ആയിരുന്നത് കഴിഞ്ഞ വർഷം വെറും 20% ആയി കുറഞ്ഞു. മറ്റേതൊരു സേവനത്തേക്കാളും കൂടുതൽ ആളുകൾ (55%) ദന്തസംരക്ഷണത്തിൽ അസംതൃപ്തരാണ്. ഏറ്റവും പുതിയ ഫലങ്ങൾ എൻ എച്ച് എസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തിയും സർക്കാരിനുള്ള വെല്ലുവിളിയുടെ വലിപ്പവും വെളിപ്പെടുത്തുന്നു എന്ന് കിംഗ്സ് ഫണ്ടിലെ മുതിർന്ന സഹപ്രവർത്തകനായ ഡാൻ വെല്ലിംഗ്സ് പറഞ്ഞു. തങ്ങൾ അധികാരത്തിലെത്തിയപ്പോൾ ഒരു തകർന്ന എൻഎച്ച്എസ് ആണ് നിലവിൽ ഉണ്ടായിരുന്നതെന്നും പടിപടിയായി എൻഎച്ച്എസ്സിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഹെൽത്ത് ആൻ്റ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.