ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ എത്തുന്ന കാറുകളില്‍ നിന്ന് യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് പണം ഈടാക്കാന്‍ തീരുമാനം. നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പേയ് പെര്‍ മൈല്‍ എന്ന പദ്ധതി ഏര്‍പ്പെടുത്തുന്നത്. തലസ്ഥാന നഗരത്തിലെ ട്രാഫിക് സാന്ദ്രത കുറച്ച് പരമാവധി ജനങ്ങളെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ വാഹനങ്ങള്‍ കുറയ്ക്കുന്നതിനായുള്ള നടപടികളും പരിഗണനയിലാണ്.

പുതിയ ഹൗസിംഗ് സമുച്ചയങ്ങളില്‍ കാര്‍ പാര്‍ക്കുകള്‍ നിരോധിക്കുന്നത് അടക്കമുള്ള നടപടികളാണ് ആലോചനയിലുള്ളത്. നടപ്പാതകള്‍ക്കും സൈക്കിള്‍ പാത്തുകള്‍ക്കും പ്രാമുഖ്യം നല്‍കാനും കാറുകള്‍ ചിലയിടങ്ങളില്‍ നിരോധിക്കാനുമുള്ള നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. റോഡുകളിലെ ഗതാഗതക്കുരുക്കുകളും വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണവും പരിഗണിച്ചാണ് യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് വാഹനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.

നിലവില്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതിന്റെ നിരക്ക് 64 ശതമാനമാണ്. ഇത് 80 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യവും ഉണ്ട്. ലണ്ടനിലെ ബറോകളുമായി ചേര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിക്കും. ജോലിസ്ഥലങ്ങളിലെ പാര്‍ക്കിംഗുകളില്‍ പോലും കൂടൂതല്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.