ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ വീണ്ടും സമരകാലഘട്ടം. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് സമരം തുടങ്ങി. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമരം 18 -ന് അവസാനിക്കും. സർക്കാർ 6% ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും 35% ശമ്പളവർദ്ധനവ് എങ്കിലും നടപ്പാക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. സമരത്തെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകൾ മാറ്റി വയ്‌ക്കേണ്ടതായി വരും. 35% വർദ്ധനവ് ന്യായമായതും താങ്ങാവുന്നതും അല്ലെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. എന്നാൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഈ വർദ്ധനവ് ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ പക്ഷം.
പണിമുടക്കുകൾ പിൻവലിക്കണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനോട് (ബിഎംഎ) അഭ്യർത്ഥിച്ചു. ഇംഗ്ലണ്ടിലെ ഹോസ്പിറ്റൽ ഡോക്ടർമാരിൽ പകുതിയും ജിപി സർജറികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ നാലിലൊന്ന് പേരും ജൂനിയർ ഡോക്ടർമാരാണ്. യുകെയിലെ 46,000-ത്തിലധികം ജൂനിയർ ഡോക്ടർമാരാണ് ഉള്ളത്. ശമ്പളവർദ്ധനവിനെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചതിന് ശേഷം ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന നാലാമത്തെ സമരമാണ് ഇത്. സമീപ മാസങ്ങളിൽ ഡോക്ടർമാരും നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നടത്തിയ സമരങ്ങൾ കാരണം ഇംഗ്ലണ്ടിലെ ആറു ലക്ഷത്തിലധികം എൻ എച്ച് എസ് അപ്പോയിന്റ്‌മെന്റുകൾ ഇതിനകം തന്നെ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.
പണിമുടക്കുകൾക്കൊപ്പം, കോവിഡിന് ശേഷം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാൻ ആശുപത്രികൾ മറ്റ് വെല്ലുവിളികളും അഭിമുഖീകരിക്കുന്നു. ജീവനക്കാരുടെ കുറവ്, അത്യാഹിത രോഗികളുടെ വർദ്ധനവ്, പരിചരണക്കുറവ് കാരണം രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന പ്രശ്നങ്ങൾ തുടങ്ങിയവ വെല്ലുവിളികളാണ്.
സമരത്തെ നേരിടാൻ ശമ്പളവർദ്ധനവ്
സമരപരമ്പരകൾ ശാന്തമാക്കാൻ പൊതുമേഖലാ ജീവനക്കാർക്ക് ഏകദേശം 6% ശമ്പള വർദ്ധനവുമായി സർക്കാർ. പോലീസ്, ജയിൽ ഉദ്യോഗസ്ഥർക്ക് 7% ശമ്പള വർദ്ധനവും അധ്യാപകർക്കും ജൂനിയർ ഡോക്ടർമാർക്കും യഥാക്രമം 6.5%, 6% ശമ്പള വർദ്ധനവുമാണ് ലഭിക്കുക. ഇതേ തുടർന്ന് അധ്യാപകരുടെ സമരം പിൻവലിക്കുമെന്ന് നാല് യൂണിയനുകൾ പറഞ്ഞു. ശമ്പള പരിഷ്കരണ സമിതികളുടെ ശുപാർശകൾ പ്രധാനമന്ത്രി അംഗീകരിച്ചു
Leave a Reply