സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളെ എല്ലാം ലംഘിച്ചുകൊണ്ട്, ഇംഗ്ലണ്ടിൽ ഉടനീളമുള്ള ബീച്ചുകളിൽ വൻ ജനത്തിരക്ക്. ഡെവോണിൽ ജനങ്ങൾ എത്തിയ കാറുകൾ എല്ലാംകൂടി വൻ ട്രാഫിക്ക് ബ്ലോക്കാണ് സൃഷ്ടിച്ചത് എന്ന് പോലീസ് അധികൃതർ പറഞ്ഞു. കോൺവോളിലെ പെറാൻപോർത് ബീച്ചിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്. തെളിഞ്ഞ കാലാവസ്ഥ എസ്സെക്സിലുള്ള സൗത്ത്എൻഡ് ബീച്ചിലും സന്ദർശകരുടെ എണ്ണം വർദ്ധിപ്പിച്ചു. ലിങ്കൻഷെയറിലെ സ്കേഗ്നെസ്സിലുള്ള ബീച്ചിൽ ശുചിയിടങ്ങൾക്കു മുൻപിൽ 40 മിനിറ്റ് നീണ്ട ക്യൂ രേഖപ്പെടുത്തി.
ഡെവോണിലെ സൗന്റോൺ ബീച്ചിലെ കാർപാർക്കിങ്ങിൽ ഓഗസ്റ്റ് മാസത്തിലെ പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കിലോമീറ്ററുകളോളം നീളത്തിൽ അവിടെ കാറുകൾ പാർക്ക് ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു. പലരും നിർദ്ദേശങ്ങൾ ലംഘിച്ച് ഇടുങ്ങിയ റോഡുകളിലും മറ്റും കാറുകൾ പാർക്ക് ചെയ്ത് ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചു. സെഫ്റ്റനിൽ സമീപത്തുള്ള ബീച്ചിൽ പോകുവാനായി ജനങ്ങൾ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിൽ വരെ കാറുകൾ പാർക്ക് ചെയ്തതായി ലോക്കൽ ഡെമോക്രസി റിപ്പോർട്ടിംഗ് സർവീസ് റിപ്പോർട്ട് ചെയ്തു. നോർഫോക്കിൽ രണ്ട് ദിവസത്തിൽ ഇടയ്ക്ക് ഇതുവരെ മുപ്പതോളം രക്ഷാപ്രവർത്തനങ്ങൾ നടന്നതായി കോസ്റ്റ്ഗാർഡ് റെസ്ക്യൂ ടീം അറിയിച്ചു.
ബ്രിട്ടനിൽ ഇതു വരെ 248000 ത്തോളം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുപ്പത്തി അയ്യായിരത്തോളം പേർ കൊറോണ ബാധമൂലം മരണപ്പെട്ടു. ജനങ്ങൾ ലോക് ഡൗൺ നിയമങ്ങളെ എല്ലാം മറന്നു കൊണ്ട് കൂട്ടത്തോടെ ബീച്ചുകളിലും മറ്റും എത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം കൂട്ടം കൂടലിനെതിരെ പല ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
Leave a Reply