ഇന്ത്യൻ ഗ്ലാമർ ഗെയിം ക്രിക്കറ്റ് താരം ഇന്ത്യയിൽ ട്രെയിനിൽ യാത്രചെയ്യുകയോ ? അതും ലോക്കൽ ട്രെയിനിൽ.
ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് അത് അത്ര എളുപ്പമല്ല. എന്നാല്‍ ഇന്ത്യന്‍ യുവ ബോളര്‍ ശ്രദ്ധുല്‍ താക്കൂര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം മുംബൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ വീട്ടിലേക്ക് മടങ്ങിയത് അങ്ങനെയാണ്.
ഇന്ത്യന്‍ താരം ലോക്കല്‍ ട്രെയിനിലോ എന്ന അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്തെന്ന് ശ്രദ്ധുല്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ എത്തുന്നതിന് മുമ്പുള്ള ശീലമാണിതെന്നും അത് ജീവിതത്തിന്റ ഭാഗമായിപ്പോയെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രദ്ധുല്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന, ടിട്വന്റി ടീമില്‍ ശ്രദ്ധുല്‍ കളിച്ചിരുന്നു. ഒരു ഏകദിനമത്സരവും രണ്ട് ടിട്വന്റി മത്സരങ്ങളുമാണ് പരമ്പരയില്‍ ശ്രദ്ധുല്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഏകദിനത്തില്‍ നാലു വിക്കറ്റുകളും ടി20യില്‍ രണ്ടു വിക്കറ്റുകളും ഈ യുവ ബോളര്‍ സ്വന്തമാക്കി.
വിമാനമിറങ്ങി ട്രെയിനില്‍ കയറുന്ന സമയത്ത് ഇന്ത്യന്‍ താരമാണെന്ന കാര്യമൊന്നും ആലോചിച്ചില്ലെന്നാണ് ശ്രദ്ധുല്‍ പറയുന്നത് ‘ മുംബൈയിലെത്തി ലോക്കല്‍ ട്രെയിനില്‍ കയറുമ്പോള്‍ പാല്‍ഗറിലുള്ള വീട്ടില്‍ വേഗം എത്തണമെന്നത് മാത്രമായിരുന്നു മനസ്സില്‍. നേരെ ബിസിനസ് ക്ലാസില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്ക് മാറുകയായിരുന്നു. ഹെഡ് സെറ്റില്‍ പാട്ടു കേട്ട് ഇരുന്ന ഞാന്‍ മറ്റു യാത്രക്കാര്‍ എന്നെ തിരിച്ചറിയുമെന്ന കാര്യമൊന്നും ആലോചിച്ചില്ല, പക്ഷേ, മറ്റു യാത്രക്കാര്‍ എന്നെ അദ്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു, ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് നോക്കുകയായിരുന്നു, അവര്‍ക്ക് ഞാന്‍ തന്നെയാണോ എന്ന് സംശയമായിരുന്നു,’ – ശ്രദ്ധുല്‍ പറഞ്ഞു.
ഞാന്‍ സ്ഥിരമായി യാത്ര ചെയ്യാറുള്ള ട്രെയിനായതിനാല്‍ പരിചയക്കാരുമുണ്ടായിരുന്നു. അവര്‍ മറ്റു യാത്രക്കാരോട് എന്നെ ചൂണ്ടിക്കാണിച്ചിട്ട് ‘ഇവനിപ്പോള്‍ ഇന്ത്യക്കുവേണ്ടിയാണ് കളിക്കുന്നത്’ എന്ന് പറയുന്നത് കേട്ടു. അതുവളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ശ്രദ്ധുല്‍ പറഞ്ഞു.ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലും ശ്രദ്ധുല്‍ ഇടംനേടിയിട്ടുണ്ട്.
Leave a Reply