ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക്ഷെയറിലെ ബെന്തം നഗരത്തിൽ ജീവിക്കുന്നവരുടെ രക്തത്തിൽ മാരകമായ രാസവസ്തുക്കൾ അപകടകരമായ രീതിയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1976 മുതൽ 2024 വരെ പിഫാസ് എന്ന രാസവസ്തു അടങ്ങിയ ഫയർഫൈറ്റിംഗ് ഫോം നിർമ്മിച്ചിരുന്ന ആംഗസ് ഫയർ ഫാക്ടറിയുമായി ബന്ധപ്പെട്ട ഭൂഗർഭജല മലിനീകരണത്തിന് പിന്നാലെയാണ് ഈ കണ്ടെത്തൽ. 2 നാനോഗ്രാം/മില്ലി ലിറ്ററിനു മുകളിലുള്ള അളവ് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിക്കുന്നത് . എന്നാൽ ബെന്തത്തിൽ ഒരാളിൽ 405 നാനോഗ്രാം/മില്ലിലീറ്റർ വരെ കണ്ടെത്തിയത് അതീവ ആശങ്കയുണർത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിശോധന നടത്തിയ 39 പേരിൽ 23 ശതമാനം പേർ ഉയർന്ന അപകട വിഭാഗത്തിൽപ്പെടുന്നതായും റിപ്പോർട്ട് പറയുന്നു.

പിഫാസ് രാസവസ്തുക്കൾ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ടു കാണപ്പെടുന്നുവെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 55 നാനോഗ്രാം/മില്ലിലീറ്റർ പിഫാസ് നില കണ്ടെത്തിയ 34-കാരനായ സ്റ്റീഫൻ ഇല്ല്സ്റ്റൺ കടുത്ത പ്രശ്ങ്ങൾ അനുഭവിച്ചതായി പറഞ്ഞു. മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ സർവകലാശാലയിലെ വിദഗ്ധനായ ഡേവിഡ് മെഗ്സൺ ഈ ഫലങ്ങൾ “അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായത്” എന്ന് വിലയിരുത്തി. പരിസ്ഥിതി സംഘടനയായ കെം ട്രസ്റ്റിലെ ശുഭി ശർമയും ആരോഗ്യപ്രതിസന്ധി സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകി.
ഫാക്ടറിയിലെ ഫയർ ടെസ്റ്റിംഗിനിടെ വായുവിലേക്ക് ഉയർന്ന പിഫാസ് കണങ്ങൾ മഴയിലൂടെ മണ്ണിലും വെള്ളത്തിലുമെത്തി, വീടുകളിലെ തോട്ടവിളകളിലൂടെയും കുടിവെള്ളത്തിലൂടെയും ജനങ്ങളിൽ എത്താമെന്നതാണ് എൻവയോൺമെന്റ് ഏജൻസി റിപ്പോർട്ടിന്റെ കണ്ടെത്തൽ. എന്നാൽ പിഫാസ് രക്തപരിശോധനകൾക്ക് വ്യക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളില്ലെന്നും കണ്ടെത്തലുകൾ അതിശയോക്തിയാണെന്നും ആംഗസ് ഫയർ പ്രതികരിച്ചു. ഇതിനിടെ, ഉയർന്ന പിഫാസ് നിലയുള്ളവർക്ക് കൂടുതൽ ആരോഗ്യപരിശോധനകളും ചികിത്സാ മാർഗങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ നിർദേശിക്കുന്നു.











Leave a Reply