ന്യൂസ് ഡെസ്ക്, മലയാളം യുകെ
2023-ലെ ക്രിസ്മസ്, ബോക്‌സിംഗ് ദിനങ്ങളിൽ, ചുമ, ജലദോഷം, നെഞ്ചിലെ അണുബാധ എന്നിവയെ കുറിച്ചുള്ള ആശങ്കകൾക്കൊപ്പം മുലയൂട്ടുന്ന സമയത്ത് മദ്യപിക്കുന്നതിനെ കുറിച്ചുള്ള സംശയങ്ങളും ഉയർന്ന് വന്നത് ശ്രദ്ധ നേടിയിരുന്നു. ആൽക്കഹോൾ വിഷബാധ, പേവിഷബാധ, പൊള്ളൽ എന്നിവയുടെ ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയർന്ന് വന്നിരുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്തു.
2023-ലെ ക്രിസ്മസ് കാലയളവിൽ, കോവിഡ്-19-ന് ശേഷം എൻഎച്ച്എസ് വെബ്‌സൈറ്റിൽ ഏറ്റവുമധികം ആളുകൾ സെർച്ച് ചെയ്‌ത പേജ് വിൻ്റർ വോമിറ്റിംഗ് നോറോ വൈറസിനുള്ളതായിരുന്നു. രണ്ട് ദിവസത്തിനിടെ 19,170 പേരാണ് ഈ പേജ് സന്ദർശിച്ചത്. നെഞ്ചിലെ അണുബാധകളെ സംബന്ധിച്ച സംശയങ്ങൾക്ക് 17,398 പേരാണ് വെബ്സൈറ്റ് സന്ദർശിച്ചത്. മുലയൂട്ടൽ, മദ്യം എന്നിവയുമായി ബന്ധപ്പെട്ട പേജുകളിലേക്കുള്ള മൊത്തത്തിലുള്ള സന്ദർശനങ്ങൾ കുറവാണെങ്കിലും, കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 146% വർധനവുണ്ടായിട്ടുണ്ട്. ഈ ആഴ്ച മാത്രം ഇതിനായി സൈറ്റുകൾ സന്ദർശിച്ചത് 2,526 പേരാണ്.
മുലയൂട്ടുന്ന അമ്മമാർ മദ്യം കുടിക്കുന്നതിനെ എൻഎച്ച്എസ് പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യം മുലപ്പാലിലേക്ക് കടക്കുകയും കുഞ്ഞിനെ ബാധിക്കുകയും ചെയ്യുമെന്ന് എൻഎച്ച്എസ് പറയുന്നു. മദ്യം കുടിച്ചതിന് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രമേ കുട്ടികൾക്ക് മുലപ്പാൽ നൽകാവൂ എന്നും എൻഎച്ച്എസ് പറയുന്നു. വല്ലപ്പോഴും മദ്യം കുടിക്കുന്നത് കുഞ്ഞിനെ ദോഷകരമായി ബാധിക്കാൻ സാധ്യതയില്ലെങ്കിലും, പതിവായുള്ള മദ്യപാനം അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാക്കും.
Leave a Reply