ക്ലോണ്‍ ചെയ്ത മൃഗങ്ങളെ ഭക്ഷ്യാവശ്യങ്ങള്‍ക്കും വേട്ടയാടലിനും മറ്റും ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് വിദഗ്ദ്ധന്‍. ലാന്‍കാഷയര്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയല്‍ റൈറ്റ് എന്ന ഗവേഷകനാണ് ഈ പ്രവചനം നടത്തിയത്. മനുഷ്യരുടെ ഉപയോഗത്തിനായി ജനറ്റിക് എന്‍ജിനീയറിംഗിലൂടെ മൃഗങ്ങളെ സൃഷ്ടിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് റൈറ്റ് പറയുന്നു. ക്ലോണിംഗ് ആനിമല്‍സ് ഫോര്‍ ടൂറിസം ഇന്‍ ദി ഇയര്‍ 2070 എന്ന പ്രബന്ധത്തിലാണ് മൂന്ന് സാധ്യതകളേക്കുറിച്ച് റൈറ്റ് പ്രവചനം നടത്തിയിരിക്കുന്നത്. നശീകരണവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും പല മൃഗവംശങ്ങളെയും വംശനാശത്തിലേക്ക് എത്തിക്കുമെന്നും റൈറ്റ് പറഞ്ഞു.
ക്ലോണ്‍ ചെയ്ത മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ ജപ്പാനില്‍ നിന്നായിരിക്കും ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുക. ദശകങ്ങള്‍ക്കു മുമ്പ് വംശനാശം സംഭവിച്ചെന്ന് വിധിയെഴുതിയ ജീവികളുടെ പോലും ക്ലോണ്‍ മാംസം ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കഴിക്കാനാകും. സമൂഹത്തില്‍ വലിയൊരു ഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത മീനുകളും മാംസവും ഇവിടെ ലഭ്യമാകും. ക്ലോണ്‍ ചെയ്ത മാംസത്തില്‍ നിന്നുള്ള വിഭവങ്ങളുമായി റെസ്‌റ്റോറന്റുകള്‍ തുറക്കുമെന്നും റൈറ്റ് പ്രവചിക്കുന്നു. എന്നാല്‍ ഈ വിഭവങ്ങള്‍ വേണമെങ്കില്‍ ഉപഭോക്താക്കള്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഓര്‍ഡര്‍ ചെയ്യണമെന്ന് മാത്രം.
വംശനാശം വന്ന അപൂര്‍വ മൃഗങ്ങളുടെ മാംസം പോലും ഈ വിധത്തില്‍ ലഭിക്കും. എന്നാല്‍ ഇവക്ക് വന്‍വില നല്‍കേണ്ടി വരുമെന്ന് മാത്രം. ഔഷധഗുണങ്ങളുള്ള മാംസമാണെങ്കില്‍ അവയ്ക്ക് നല്‍കേണ്ടിവരിക ഊഹിക്കാനാകാത്ത വിലയായിരിക്കും. ക്ലോണിംഗിലൂടെ നിര്‍മിച്ച മൃഗങ്ങളെ വേട്ടയാടലിനും മറ്റും ഉപയോഗിക്കുമെന്നും റൈറ്റ് പറയുന്നു. വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന മൃഗങ്ങളെ വേട്ടയാടുന്നതിന് സര്‍ക്കാരുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം മൃഗങ്ങളെ ഉദ്പാദിപ്പിക്കുന്ന കമ്പനികള്‍ നിലവില്‍ വരികയും വേട്ടയാടലിനായി ലഭ്യമാകുമെന്നും റൈറ്റ് അവകാശപ്പെടുന്നു.
Leave a Reply