ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. പുതുക്കോട്ടയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ തല അജ്ഞാത സംഘം അറുത്ത് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് അനുകൂലികളാവാം ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

നേരത്തെ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. സംഭവത്തിന് ശേഷം ബിജെപി ഓഫീസിന് നേരെ പെരിയാര്‍ അനുകൂലികള്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ത്രിപുരയില്‍ ബിജെപി സഖ്യം വിജയിച്ചതിന് ശേഷമാണ് രാജ്യത്തെ നവോത്ഥാന നായകരുടെ പ്രതിമകള്‍ ആക്രമിക്കപ്പെടുന്നത്. ത്രിപുരയിലെ കോളേജ് ക്യാംപസില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ തകര്‍ത്ത ബിജെപിയുടെ നടപടി പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ജാതീയ വേര്‍തിരിവിനെതിരെയും ബ്രാഹ്മണ്യത്തിനെതിരെയും പോരാടിയ മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവാണ് ഇ.വി. രാമസ്വാമിയെന്ന പെരിയാര്‍.

തമിഴ് ജനതയുടെ ജാതീയ പോരാട്ടങ്ങള്‍ അടിത്തറ പാകിയ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് അദ്ദേഹം. ആര്‍എസ്എസ് അനുകൂല സംഘ്പരിവാര്‍ സംഘടനകള്‍ പെരിയാറിനെ ശത്രു തുല്ല്യനായിട്ടാണ് കാണുന്നത്. പല അവസരങ്ങളിലും അദ്ദേഹത്തെ വിമര്‍ശിച്ച് ഇത്തരം സംഘടനകള്‍ രംഗത്ത് വന്നിരുന്നു.