സ്വന്തം ലേഖകൻ
ബ്രിട്ടൻ :- അടുത്ത ആഴ്ച മുതൽ ബ്രിട്ടണിൽ ആവശ്യ സർവീസുകളിൽ ഉൾപ്പെടാത്ത വ്യാപാരസ്ഥാപനങ്ങളും തുറക്കുവാൻ അനുമതി നൽകി സർക്കാർ. ഇതിനെ സംബന്ധിച്ച വ്യക്തമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. ജൂൺ 15 മുതൽ വസ്ത്ര സ്ഥാപനങ്ങൾ, മൊബൈൽ ഷോപ്പുകൾ, ആർക്കെയ്ഡുകൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ തുറക്കുന്ന സ്ഥാപനങ്ങളെല്ലാം തന്നെ ഗവൺമെന്റ് പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കേണ്ടതാണ്. അതോടൊപ്പം തന്നെ കടയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയും ഉറപ്പു വരുത്തേണ്ടതാണ്. എന്നാൽ ചില സ്ഥാപനങ്ങക്ക് ഇനിയും തുറക്കുവാൻ അനുമതി നൽകിയിട്ടില്ല. മാർച്ച് 23ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇത്തരം സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ജിമ്മുകൾ, സ്വിമ്മിംഗ് പൂൾ, ഇൻഡോർ & ഔട്ട്ഡോർ എക്സസൈസ് പോയിന്റുകൾ എന്നിവ തുറക്കുവാൻ ഇനിയും അനുമതി നൽകിയിട്ടില്ല.

സിനിമ തീയറ്ററുകൾ, കാസിനോകൾ, മ്യൂസിയം, ക്ലബ്ബുകൾ, എന്നിവ ഇനിയുള്ള ദിവസങ്ങളിലും അടഞ്ഞു തന്നെ കിടക്കും. ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങൾ, സലൂണുകൾ, മസാജ് ടാറ്റു പാർലറുകൾ,സ്പാകൾ തുടങ്ങിയവയ്ക്കും തുറക്കാൻ അനുമതി നൽകിയിട്ടില്ല. റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്നു കഴിക്കുവാനുള്ള അനുമതിയില്ല. എന്നാൽ ഇവിടെ നിന്നും ഹോം ഡെലിവറി സൗകര്യങ്ങളും മറ്റും നടപ്പിലാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ജൂലൈ 4 വരെ എങ്കിലും അടഞ്ഞു തന്നെ കിടക്കണം എന്ന് സെക്രട്ടറി അലോക് ശർമ അറിയിച്ചു. ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങളും, ബാർബർ ഷോപ്പുകളും ജൂലൈ 4 മുതൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയെ മുൻ കരുതിയാണ് ഇത്തരം കർശന നിർദ്ദേശങ്ങൾ എടുക്കുന്നത്. അത് പാലിക്കുവാൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
	
		

      
      



              
              
              




            
Leave a Reply