ഡല്‍ഹി: 50 ലക്ഷത്തോളം വിമുക്തഭടന്മാരുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ സ്ഥാപനം ചോര്‍ത്തിയതായി സമ്മതിച്ച് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനമാണ് വിമുക്ത ഭടന്മാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയത്. വിവരാവകാശ നിയമ പ്രകാരം റിട്ട. കമഡോര്‍ ലോകേഷ് ബത്ര നല്‍കിയ അപേക്ഷയിലാണ് നിര്‍മലാ സീതാരാമന്റെ വെളിപ്പെടുത്തല്‍.

വിവരങ്ങള്‍ ചോര്‍ത്തിയ സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആര്‍.ടി.ഐ ആക്ടിവിസ്റ്റും ഒരു വിമുക്തഭടനും കൂടിയായ ലോകേഷ് ബത്ര മുന്‍പ് സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ആര്‍ടിഐ അപേക്ഷകള്‍ കേന്ദ്രം അവഗണിച്ചിരുന്നു. എന്നാല്‍ പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ബത്ര മൂന്ന് മാസം തുടര്‍ച്ചയായി ഒരേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കി. ഇത് വാര്‍ത്തയാകുമെന്ന് മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കാന്‍ തയ്യാറാവുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

സര്‍ക്കാരുമായി നിലവില്‍ ഇടപാടുകളൊന്നുമില്ലാത്ത ഒരു സ്വകാര്യ സ്ഥാപനം 50 ലക്ഷം വിമുക്തഭടന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുക എന്ന ‘അസാധാരണ സാഹചര്യമാണ്’ നിലനില്‍ക്കുന്നതെന്നും നിയമം അനുശാസിക്കുന്ന കടുത്ത നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്രദമാക്കുന്നതിനായി ഫേസ്ബുക്കില്‍ നിന്ന് ആളുകളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.