തിരുവനന്തപുരത്തെ മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സംസ്ഥാന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മലയന്‍കീഴ് സ്വദേശിയാണെന്നാണ് സൂചന. കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് വെച്ച് യുവതിയ്ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് കുറവന്‍കോണത്ത് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറി എന്ന വാര്‍ത്ത വന്നത്. ഇതേ ആള്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് അതിക്രമത്തിന് ഇരയായ യുവതിയും പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിക്കുകയായിരുന്നു.
പിന്നീട് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാള്‍ തന്നെയാണ് എന്ന് ഒടുവില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
Leave a Reply