ഇന്ത്യയിൽ ജനിച്ച പർവേസ് മുഷറഫ് നാലു വർഷം ജീവിച്ചത് ഓൾഡ് ഡൽഹിയിലുള്ള ദരിയാഗഞ്ചിലെ വീട്ടിലായിരുന്നു. നഹർവാലി ഹവേലിയിൽ പഴയ വീടിന്റെ ചെറിയ ശേഷിപ്പുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ കാലത്ത് മന്ത്രി മന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടിഷ് ഭരണ കാലത്താണ് മുഷറഫിന്റെ മുത്തച്‌ഛൻ വാങ്ങിയത്. 1943 ൽ ജനിച്ച പർവേസ് മുഷറഫ് നാല് വയസുവരെ ദരിയാഗഞ്ചിലെ വീട്ടിൽ കഴിഞ്ഞു. പിന്നീട് ഇന്ത്യ-പാക് വിഭജന കാലത്ത് 1947ൽ മുഷറഫിന്റെ കുടുംബം വസ്ത്ര വ്യാപാരിയായ മദൻ ലാൽ ജെയിനു വിറ്റു. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെ വസിക്കുന്നത്.
2001ൽ പാകിസ്ഥാൻ പ്രസിഡന്റായിരിക്കെ തന്റെ ആദ്യ ഇന്ത്യാ സന്ദർശന വേളയിൽ മുഷറഫ് പഴയ വീട് സന്ദർശിക്കാൻ എത്തിയിരുന്നു. തന്റെ അയൽക്കാരോടും സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചിരുന്നു. പിന്നീട് 2005ൽ മുഷറഫിന്റെ അമ്മ സരിൻ, സഹോദരൻ ജാവേദ്, മുഷറഫിന്റെ മകൻ ബിലാൽ എന്നിവരും പൂർവിക ഭവനം സന്ദർശിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പല കാരണങ്ങൾ കൊണ്ട് പലതവണയായി പഴയ കുടുംബവീട് ഭൂരിഭാഗവും പൊളിച്ചു. ഇപ്പോൾ ചെറിയ ചില ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
മുഷറഫിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാൻ കുടുംബം താൽപര്യം അറിയിച്ചു. മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോകുന്നതിനു ദുബായിലെ പാക്കിസ്ഥാൻ കോൺസുലേറ്റ് അനുമതി നൽകി. പാക്കിസ്ഥാൻ മുൻ ഭരണാധികാരി എന്ന നിലയിൽ, രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹപ്രകാരമാണ് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതെന്നു കുടുംബം അറിയിച്ചു. ദീർഘനാളായി രോഗക്കിടക്കയിലായിരുന്ന ജനറൽ മുഷറഫിന്റെ മരണം ഞായറാഴ്ച പുലർച്ചെയാണ് സ്ഥിരീകരിച്ചത്.
നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്.
പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തി. പിന്നീടു മടങ്ങിയിട്ടില്ല.
Leave a Reply