വീട്ടിലേയ്ക്ക് ഇടിച്ചുകയറി നായക്കുട്ടിയെ മരത്തടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ കണ്ണില്ലാത്ത ക്രൂരത. ചെങ്ങമനാട് വേണാട്ടു പറമ്പില്‍ മേരി തങ്കച്ചന്റെ വീട്ടില്‍ വളര്‍ത്തുന്ന പഗ് ഇനത്തില്‍പെട്ട ‘പിക്‌സി’ എന്നു പേരുള്ള നായയാണ് പോലീസ് ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ ദാരുണമായി ചത്തത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. നായയെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിജില്‍ സൂക്ഷിച്ചിരിക്കുകയാണ് കുടുംബം.

പോലീസ് കേസിലെ പ്രതിയും മേരിയുടെ മകനുമായ ജസ്റ്റിനെ പിടികൂടാന്‍ എത്തിയതായിരുന്നു ഇന്‍സ്‌പെക്ടര്‍. പിന്‍വാതിലിലൂടെ അകത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്തേക്കു വന്ന നായയെ ഇന്‍സ്‌പെക്ടര്‍ മരത്തടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് വീട്ടമ്മ മേരി പറഞ്ഞു. ഈ സമയം മേരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നായയെ അടിച്ച മരത്തടി രണ്ടായി മുറിഞ്ഞു. അപ്പോള്‍ തന്നെ പിടഞ്ഞുവീണ നായ കണ്‍മുന്നില്‍ ചത്തുവീണുവെന്നും മേരി കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാരാണ് പ്രതിയെ തേടി ചെങ്ങമനാടുള്ള മേരിയുടെ വീട്ടിലെത്തിയത്. രണ്ടുപേരെ വീടിന്റെ മുന്‍വശത്തു നിര്‍ത്തി സിഐ പിന്നിലൂടെ വീട്ടിനകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു നായയോടുള്ള ക്രൂരത. എന്താണു സാര്‍ ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ പോലീസ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി വാഹനത്തില്‍ കയറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സമയം ഓടിച്ചെന്ന മേരി പൊലീസ് വാഹനത്തിന്റെ മുന്നില്‍ കയറിനിന്നു. ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയും വണ്ടിയുടെ മുന്നില്‍ നിന്നു മാറടീ, അല്ലെങ്കില്‍ ദേഹത്ത് കൂടി കയറ്റുമെന്ന് ആക്രോശിക്കുകയും ചെയ്തതായും മേരി ആരോപിച്ചു. താന്‍ മാത്രം വീട്ടിലുള്ളപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നായയെ കണ്‍മുന്നില്‍ അടിച്ചു കൊല്ലുകയും വാഹനം കയറ്റുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മേരി പരാതി നല്‍കി.

ചെങ്ങമനാട് ഉള്‍പ്പെടെ പല സ്റ്റേഷനുകളില്‍ ജസ്റ്റിനെതിരെ കേസുകളുണ്ട്. പൊലീസ് അന്വേഷിച്ചു ചെല്ലുമ്പോള്‍ ഇയാളെ മറ്റൊരു കേസില്‍ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയായിരുന്നു. ഇത് അറിയാതെയാണ് പോലീസ് ജസ്റ്റിന്റെ വീട്ടിലെത്തിയത്.