ഇംഗ്ലണ്ടിലും നോർത്ത് അയർലണ്ടിലും പൂച്ച , പട്ടി എന്നീ വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമം നടപ്പിൽ വന്നു. വളർത്തു മൃഗങ്ങളെ മോഷ്ടിക്കുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇതു കൂടാതെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴ ശിക്ഷയും ഉണ്ടാകും. കഴിഞ്ഞ സർക്കാരിൻറെ അവസാനകാലത്ത് ജൂലൈയിൽ സൗത്ത്വെസ്റ്റിൻ്റെയും ലെയ്യുടെയും എംപിയായിരുന്ന അന്ന ഫിർത്ത് ആണ് ബിൽ അവതരിപ്പിച്ചത്.
പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പാസാക്കിയ അവസാനത്തെ നിയമനിർമ്മാണങ്ങളിലൊന്നായിരുന്നു ഇത്. വളർത്തുന്ന മൃഗങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ യുകെയിൽ വർദ്ധിച്ചു വരികയാണെന്ന് കണക്കുകൾ കാണിക്കുന്നു. നായ്ക്കളാണ് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന മൃഗങ്ങൾ. 2023 -ൽ മാത്രം 2290 നായ്ക്കളെ ആണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത് ശരാശരി 6 നായ്ക്കൾ ദിവസവും മോഷ്ടിക്കപ്പെടുന്നുണ്ട്. ഡയറക്ട് ലൈൻ പെറ്റ് ഇൻഷുറൻസി ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഇതുവരെ വളർത്തു മൃഗങ്ങളെ തട്ടി കൊണ്ടുപോകുന്നത് സ്വത്ത് മോഷണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതിനുള്ള നിയമനടപടികൾ 1968 -ലെ മോഷണ നിയമത്തിന്റെ പരിധിയിൽ ആയിരുന്നു. എന്നാൽ പുതിയ നിയമത്തിന്റെ കീഴിൽ ഉടമയ്ക്ക് സ്വത്ത് നഷ്ടത്തിനപ്പുറം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും കണക്കിലെടുത്തിട്ടുണ്ട്. മിക്ക ഉടമസ്ഥർക്കും വളർത്തു മൃഗങ്ങൾ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ പോലെയാണ്. വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്നവർക്കെതിരെ കർശനമായ നടപടികൾക്കായി നേരത്തെ തൊട്ട് ആവശ്യം ഉയർന്നു വന്നിരുന്നു. യുകെയിൽ കോവിഡ് ലോക്ക് ഡൗണിൻ്റെ സമയത്ത് വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്ന സംഭവങ്ങൾ കുതിച്ചുയർന്നിരുന്നു.
Leave a Reply