ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുട്ടികൾ അശ്ലീല സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നാല് കുട്ടികളുടെ പിതാവായ ഐയോനിസ് ഡെക്കസും, സ്റ്റുഡന്റ് ക്യാമ്പയിനർ ആയിരിക്കുന്ന അവ വാകിലും കോടതിയിൽ എത്തിയിരിക്കുകയാണ്. 2017 ലെ ഡിജിറ്റൽ ഇക്കണോമി ആക്ടിലൂടെ വാഗ്ദാനം ചെയ്ത പ്രകാരം , ഇത്തരം സൈറ്റുകളിൽ കർശനമായി പ്രായപരിധി നിശ്ചയിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങിയ ഒരു റിസർച്ച് റിപ്പോർട്ടിൽ, യുകെയിൽ 16 – 17 വയസ്സുള്ള കുട്ടികളിൽ ഭൂരിഭാഗം പേരും ഇത്തരത്തിലുള്ള പോൺ സൈറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതിരോധിക്കുന്നതിനായി ഗവൺമെന്റ് പുതിയ ഓൺലൈൻ ഹാംസ് ബിൽ നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. കുട്ടികൾക്ക് മതിയായ സുരക്ഷ ലഭിക്കാത്ത ചില സൈറ്റുകൾ തടയുന്നതിനും ഈ ബില്ലിലൂടെ സാധിക്കും. ഈ വർഷം അവസാനത്തോടെ പാർലമെന്റ് ഈ ബില്ല് പാസാക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കോടതിയിൽ ഹർജി നൽകിയ ഐയോനിസ്, തന്റെ നാല് ആൺമക്കളിൽ ഒരാൾ പോൺ സൈറ്റുകൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തന്നെ പോലുള്ള നിരവധി മാതാപിതാക്കൾക്കുള്ള ഒരു വെളിപ്പെടുത്തൽ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണ്ട് ഐയോനിസിന്റെ മകനിൽ രണ്ടാഴ്ചക്കുള്ളിൽ നിരവധി സ്വഭാവ വ്യത്യാസങ്ങളാണ് വന്നത്. ഇദ്ദേഹത്തോടൊപ്പം ഹർജി നൽകിയ അവ വാകിൽ 20 വയസ്സുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. ഇതിനെതിരെ ശക്തമായ നിയമ സംവിധാനം കൊണ്ടുവരണമെന്ന് ഗവൺമെന്റിനോട് ഇരുവരും ആവശ്യപ്പെട്ടിരിക്കുകയാണ്.
47 ശതമാനത്തോളം പേരാണ് ഇത്തരം സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 46 ശതമാനത്തോളം പേരും വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിലൂടെ ആണ് ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന ആവശ്യമാണ് ഇരുവരും ഉന്നയിക്കുന്നത്.
Leave a Reply