ലണ്ടൻ : രാജ്യത്ത് പെട്രോൾ വില വർധന വലിയ ഭീഷണിയാണുയർത്തുന്നത്. നവംബറിൽ പമ്പിലെ പെട്രോളിന്റെ വില ലിറ്ററിന് 1.47 പൗണ്ട് എന്ന റെക്കോർഡ് നിരക്കിലെത്തി. രണ്ട് വർഷം മുമ്പ് ലിറ്ററിന് ഏകദേശം ഒരു പൗണ്ട് എന്ന നിലയിലായിരുന്നു. ഇത്തവണ പമ്പിൽ ലിറ്ററിന് രണ്ട് പെൻസ് മാത്രമാണ് വില കുറഞ്ഞത്. കോവിഡ് മൂലം സമൂഹം അടച്ചിടലിലേക്ക് നീങ്ങിയതും പിന്നീടുള്ള തിരിച്ചുവരവിൽ വിതരണക്കാർക്കുണ്ടായ പ്രതിസന്ധിയും ഇന്ധന വില വർധനവിന് കാരണമായി. അസംസ്‌കൃത എണ്ണയുടെയും ഉൽപന്നങ്ങളുടെയും വില ഉയർന്നു. മൊത്ത ഊർജ്ജ വിലയ്ക്ക് അനുസൃതമായി വില കുറയ്ക്കാൻ പെട്രോൾ റീട്ടെയിലർമാരും തയ്യാറാകുന്നില്ല.
പെട്രോൾ റീട്ടെയിലർമാരാണ് വില ഉയർത്തുന്നതെന്ന് ആർഎസി മോട്ടോറിങ് ഓർഗനൈസേഷൻ ആരോപിച്ചു. എന്നാൽ ഈ വാദം യുക്തിരഹിതമാണെന്ന് പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി ബില്ലിൽ ഉണ്ടായ വർധനയും ഇന്ധനം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായെന്ന് അവർ പറഞ്ഞു. ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാനായി ഇന്ധനത്തിൽ ചേർക്കുന്ന ബയോഎഥനോളിന്റെ വിലയാണ് മറ്റൊരു ഘടകം. ഇതൊരു ചെറിയ ഭാഗമാണെങ്കിലും പെട്രോൾ, ഡീസൽ എന്നിവയേക്കാൾ ചെലവേറിയതാണ്. മാത്രമല്ല ബയോഎഥനോളിന്റെ വില കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി വർദ്ധിച്ചു.
പെട്രോൾ വില കുറയുമോ എന്ന ചോദ്യമാണ് ഇനിയുള്ളത്. സർക്കാർ പെട്രോൾ നികുതി ഉടൻ കുറയ്ക്കാൻ സാധ്യതയില്ല. ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി പ്രകാരം 2019-20ൽ ഇന്ധന തീരുവയായി ലഭിച്ച 28 ബില്യൺ പൗണ്ട് സർക്കാരിനൊരു പ്രധാന വരുമാന സ്രോതസ്സായിരുന്നു. ഇത് മൊത്തത്തിലുള്ള നികുതിയുടെ 3.3% ആണ്. ഒരു കുടുംബത്തിന് 1,000 പൗണ്ട് എന്നതിന് തുല്യമാണിത്. പെട്രോൾ വില വർധന കാരണം പൊതുഗതാഗതത്തിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും മാറുന്നവരുടെ എണ്ണവും ഉയരുകയാണ്.
Leave a Reply