ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുക്രൈൻ – റഷ്യ സംഘർഷത്തെ ചൊല്ലിയുള്ള ആശങ്ക ആഗോള വിപണിയിൽ എണ്ണ വില കുത്തനെ ഉയരാൻ കാരണമായി. ഇതിനെ തുടർന്ന് യുകെയിൽ പെട്രോൾ, ഡീസൽ വില ഉയർന്നു. ഇന്ന് പെട്രോൾ വില ലിറ്ററിന് 149.30 പെൻസിലെത്തി. അധികം വൈകാതെ പെട്രോൾ വില 1.50 പൗണ്ട് കടക്കുമെന്നാണ് ആർഎസിയുടെ മുന്നറിയിപ്പ്. ഡീസൽ വിലയും ഉയരുകയാണ്. 152.68 പെൻസാണ് ഇന്നത്തെ വില. ഹോൾസെയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നത് ധാരാളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. റഷ്യയുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്‌ലൈനായ നോർഡ് സ്ട്രീം 2 മരവിപ്പിക്കാനുള്ള ജർമനിയുടെ തീരുമാനത്തെ തുടർന്നാണ് ഹോൾസെയിൽ ഗ്യാസ് വില വർധന.
ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് മൂന്നു ഡോളർ ഉയർന്ന് നൂറു ഡോളറിനടുത്തെത്തിയിരുന്നു. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് എണ്ണവില ബാരലിന് 99 ഡോളറിലെത്തുന്നത്. യൂറോപ്പിനാവശ്യമായ എണ്ണയുടെ മൂന്നിലൊന്നും നൽകുന്നത് റഷ്യയാണ്. അതിനാൽ യൂറോപ്യൻ മേഖലയിൽ എണ്ണലഭ്യത സംബന്ധിച്ച ആശങ്ക ഉയരുകയാണ്. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യവും ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദകരും റഷ്യയാണ്.
റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വന്നാൽ ആഗോളതലത്തിൽ എണ്ണ ലഭ്യത കുറയുകയും അത് വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും. ഈ ആശങ്കയാണ് യുകെയിലെ പെട്രോൾ, ഡീസൽ വില വർധനയ്ക്ക് കാരണം. യുകെയിലെ ഉയർന്ന ഊർജ വില മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതേസമയം, യുക്രൈനിലേക്ക് പൂർണ്ണമായ അധിനിവേശമുണ്ടായാൽ റഷ്യയുടെ മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ അറിയിച്ചു.
Leave a Reply