ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ സെപ്റ്റംബറിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്തഘട്ടം ആരംഭിക്കും. മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ഇതിൻറെ ഭാഗമായി ഫൈസറിൻെറ കോവിഡ് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് യുകെ ഒരുങ്ങുന്നത്. 2000 ഫാർമസികളിലൂടെ ആഴ്ചയിൽ 2.5 ദശലക്ഷം ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓക്സ്ഫോർഡ് അസ്ട്രാസെനക്ക വാക്‌സിൻ ലഭിച്ച ആളുകൾക്കും മൂന്നാംഘട്ടത്തിൽ ഫൈസറിൻെറ അല്ലെങ്കിൽ മോഡേണയുടെ ബൂസ്റ്റർ ഡോസ് ആയിരിക്കും ലഭിക്കുക.
50 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും അതോടൊപ്പം പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 6 -ന് ആരംഭിക്കുന്ന വാക്സിനേഷൻെറ മൂന്നാംഘട്ടം ഉദ്ദേശിച്ച രീതിയിൽ മുന്നേറുകയാണെങ്കിൽ ഡിസംബർ ആദ്യത്തോടെ പൂർത്തിയാകും . ഡിസംബർ 25 -ന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിനേഷൻ ലഭിക്കുന്നവർക്ക് ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും ബന്ധുസമാഗമങ്ങളിലും രോഗഭീതിയില്ലാതെ പങ്കെടുക്കാൻ പറ്റുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ .
ഇന്നലെ 24,470 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 65 പേരാണ് രോഗം മൂലം മരണമടഞ്ഞത്. ഇന്ന് മുതൽ യുഎസിൽ നിന്ന് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച് യുകെയിലേയ്ക്ക് വരുന്നവർക്ക് ഐസലേഷനിൽ പോകേണ്ടതില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും യുഎസിലെയും പൗരന്മാർക്ക് യുകെയിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും പുനഃസമാഗമത്തിന് പുതിയ തീരുമാനം സഹായിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.
Leave a Reply