അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനിൽ 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പിനായി ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അന്തിമാനുമതിയായി. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ യൂറോപ്പിലും യുഎസിലും അനുമതി നൽകിയതിന് പിന്നാലെയാണ് യുകെയുടെ നടപടി. യുകെയിലെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് അനുമതി നൽകിയിരിക്കുന്നത്. എന്നിരുന്നാലും പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട സമിതിയാണ് അന്തിമതീരുമാനം കൈക്കൊള്ളുന്നത്.
നിലവിൽ യുഎസിൽ മാത്രമാണ് 12 മുതൽ 15 വയസ്സ് പ്രായക്കാർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നുള്ളൂ. ജർമനിയും ഫ്രാൻസും ഈ പ്രായക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുകെയിൽ അന്തിമതീരുമാനം എല്ലാ കാര്യങ്ങളും പരിഗണിച്ചതിനുശേഷമേ ഉണ്ടാവുകയുള്ളൂ എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയുടെ ശുപാർശ ലഭിച്ചാൽ പ്രതിരോധകുത്തിവെയ്പ്പ് നൽകാൻ ആവശ്യമായ മരുന്ന് യുകെയുടെ കൈവശം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേ കുട്ടികളിൽ കോവിഡ് – 19 മൂലമുള്ള അപകട സാധ്യത വളരെ കുറവാണ്. ഇതുവരെ കുട്ടികൾക്ക് ആശുപത്രിയിൽ ചികിത്സവേണ്ട സന്ദർഭങ്ങൾ അപൂർവ്വമായി മാത്രമേ വന്നിട്ടുള്ളൂ. അതുകൊണ്ടാണ് ഒട്ടുമിക്ക രാജ്യങ്ങളും മുതിർന്നവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്നാം തരംഗത്തെ നേരിടാൻ പ്രതിരോധ വാക്സിൻ കുട്ടികൾക്കും നൽകണമെന്ന് അഭിപ്രായം ശക്തമാണ്.
Leave a Reply