ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാർമസികളിൽ നിന്ന് ചില രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയിൽ നിലവിൽ വന്നു. എൻ.എച്ച്എസ്സിലെ തിരക്കും ജിപി അപ്പോയിൻ്റ്മെന്റുകൾ കിട്ടാനുള്ള പ്രയാസവും പുതിയ സംവിധാനത്തിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങൾ , ഇംപെറ്റിഗോ , ഷിംഗിൾസ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീർണ്ണമല്ലാത്ത യൂറിനറി ഇൻഫെക്ഷൻ എന്നീ രോഗങ്ങൾക്കാണ് ജിപി അപ്പോയിൻമെൻ്റുകളോ പ്രിസ്ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭിക്കുന്നത്.
ഈ സംവിധാനത്തിലൂടെ 10 ദശലക്ഷത്തിലധികം ജി പി അപ്പോയിൻ്റ്ന്മെന്റുകൾ കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രാഥമിക ചികിത്സ മാത്രം ആവശ്യമുള്ളവർക്ക് ഫാർമസികളിൽ നിന്ന് മരുന്ന് ലഭിക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്ന് എൻഎച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. മഹാമാരിക്ക് മുമ്പുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ജീപികൾക്ക് ഇപ്പോൾതന്നെ നല്ല ജോലിഭാരമാണ്. അതു കൂടാതെ ഇംഗ്ലണ്ടിലുടനീളമുള്ള ആളുകളിൽ എട്ടുപേർക്കും ഒരു ഫാർമസിയിൽ എത്തിച്ചേരാൻ വെറും 20 മിനിറ്റ് നേരത്തെ നടത്തത്തിന്റെ ആവശ്യമേയുള്ളൂ. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ഫാർമസികൾ ഉള്ളതിനാൽ അവിടെയുള്ള ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാവുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.
എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു . കൂടുതൽ പേർ പ്രാഥമിക പരിചരണത്തിന് ഇനി ഫാർമസികളെ ആശ്രയിക്കുന്നതിന് ഇത് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് മൾട്ടിപ്പിൾ ഫാർമസികളുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ലെയ്‌ല ഹാൻബെക്ക് പറഞ്ഞു. എന്നാൽ ഫാർമസികൾക്ക് ലഭിക്കാനുള്ള 1.2 ബില്യൺ പൗണ്ടിന്റെ ധനസഹായം ലഭിക്കുന്നില്ലെന്ന് അവർ സർക്കാരിനെ കുറ്റപ്പെടുത്തി. ഇതിന്റെ ഫലമായി പല ഫാർമസികളും പ്രവർത്തന സമയം കുറയ്ക്കുകയോ പൂർണമായും അടച്ചുപൂട്ടുകയോ ചെയ്തതായി അവർ പറഞ്ഞു.
Leave a Reply