ലണ്ടന്‍: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 425 മില്യന്‍ പൗണ്ട് എന്‍എച്ച്എസിന് അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ സംശയം പ്രകടിപ്പിച്ച് ക്യാംപെയ്‌നര്‍മാര്‍. എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ പ്രത്യേക രീതിയില്‍ ഫണ്ട് അനുവദിക്കുന്നതെന്ന ചോദ്യമാണ് ഉയര്‍ന്നത്. കൂടുതല്‍ പണമനുവദിക്കുന്നതിന്റെ പേരില്‍ വ്യക്തമല്ലാത്ത പരിവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്. പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം നടത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി യുണൈറ്റ് നാഷണല്‍ ഓഫീസര്‍ ഫോര്‍ ഹെല്‍ത്ത്, സാറ കാര്‍പെന്റര്‍ പറഞ്ഞു.
പ്രത്യക്ഷത്തില്‍ സര്‍ക്കാര്‍ പണം നല്‍കുമെന്ന് അവകാശപ്പെടുന്നത് എന്‍എച്ച്എസിനാണ്. എന്നാല്‍ ഈ സംവിധാനത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു വിഭാഗത്തിനായാണ് പണം നിര്‍ദേശിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സസ്റ്റെയ്‌നബിലിറ്റി ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതികള്‍ക്കായാണ് മൂന്നു വര്‍ഷത്തേക്ക് ബജറ്റില്‍ പണം വകയിരുത്തിയിരിക്കുന്നത്. ഇത് ഇംഗ്ലണ്ടിലെ 44 ഇടങ്ങളില്‍ മാത്രമേ നടപ്പാക്കുകയുള്ളു.
പണച്ചെലവ് കുറച്ചുകൊണ്ട് സേവനത്തെ പുനരുദ്ധരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ നടപ്പാക്കിയ ചില പ്രദേശങ്ങളില്‍ ഇത് തിരിച്ചടിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റുകളും ആശുപത്രികളും അടച്ചുപൂട്ടുന്ന ഗതികേടിലേക്ക് വരെ ഈ സംവിധാനം നയിച്ചിട്ടുണ്ടെന്നാണ് വിമര്‍ശനം.