റോസ്ബിന്‍ രാജന്‍
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസും ഫീനിക്‌സ് ക്ലബ് നോര്‍ത്താംപ്ടനും ചേര്‍ന്ന് സംഘടിപ്പിച്ച ‘ക്രിക്കറ്റ് ഫെസ്റ്റ് 2018’ യുകെയിലെ കായിക പ്രേമികളുടെ മനസില്‍ മായ്ക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഉജ്ജ്വല ചരിത്രമായി മാറി. ജൂലൈ 22 ഞായറാഴ്ച്ച നോര്‍ത്താംപടണിലെ വെല്ലിംഗ് ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും അതിന് ശേഷം നടന്ന കലാ സായാഹ്നവും സമ്മാനദാന ചടങ്ങുകളും ഒക്കെ ഫീനിക്‌സ് നോര്‍ത്താംപ്ടന്‍ ക്ലബിന്റെ പ്രവര്‍ത്തകരുടെ സംഘടനാ പാടവം വിളിച്ചോതുന്നതായിരുന്നു.
ഞായറാഴ്ച്ച കാലത്ത് ഒന്‍പത് മണി മുതല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ വിശാലമായ മൈതാനത്തെ രണ്ട് ക്രിക്കറ്റ് പിച്ചുകളിലായി വീറും വാശിയുമേറിയ മ്ത്സരങ്ങള്‍ അരങ്ങേറുകയായിരുന്നു. കവന്‍ട്രി ബ്ലൂസ്, ഫീനിക്‌സ് നോര്‍ത്താംപ്ടന്‍, റോയല്‍ സ്‌റ്റോക്ക്, ഇപ്‌സ്‌വിച്ച്, ഈസ്റ്റ് ബോണ്‍, ചിയേര്‍സ് നോട്ടിംഗ്ഹാം, മില്‍ട്ടണ്‍ കെയിന്‍സ്, സ്റ്റഫോര്‍ഡ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ടീമുകള്‍ അണിനിരന്ന ആദ്യ റൗണ്ട് മത്സരങ്ങള്‍ തന്നെ ആവേശം നിറഞ്ഞതായിരുന്നു. ആവേശകരമായ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ നിന്നും ഫൈനലില്‍ പ്രവേശിച്ചത് ആതിഥേരായ ഫീനിക്‌സ് നോര്ത്താംപ്ടന്, കവന്‍ട്രി ബ്ലൂസ് എന്നീ ടീമുകളാണ്.
അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ആവനാഴിയിലെ അടവുകളെല്ലാം പുറത്തെടുത്ത കവന്‍ട്രി ബ്ലൂസ് ടീം വിജയ കിരീടം നേടി. കാണികളുടെ മികച്ച സപ്പോര്‍ട്ടും ഹോം ടീം എന്ന മുന്‍തൂക്കവും ഉണ്ടായിട്ടും ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ ഫീനിക്‌സ് നോര്ത്താംപ്ടന് കവന്‍ട്രി ബ്ലൂസിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ക്യാപ്റ്റന്‍ ശിവചരണിന്‍റെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ കളംനിറഞ്ഞ് കളിച്ച കവന്‍ട്രി ചാമ്പ്യന്മാരായത് മികച്ച പ്രകടനത്തിലൂടെയാണ്. ജയറാം ജയരാജ്, ഡോണ്‍ പൗലോസ് എന്നിവര്‍ ഫീനിക്സ് നോര്‍ത്താംപ്ടന്‍ ടീമിനെ നയിച്ചു.
കവന്‍ട്രി ബ്ലൂസ് ചാംമ്പ്യന്‍മാരും ഫീനിക്‌സ് നോര്‍ത്താംപ്ടന്‍ റണ്ണേഴ്‌സ് അപ്പുമായി അവസാനിച്ച ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി ടൂണ്‍ണമെന്റായി നാസ്‌വിപ് കുട്യാനെ തെരെഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരെഞ്ഞൈടുക്കപ്പെട്ടത് ശ്രീകാന്ത് മുണ്ടെയാണ്. ടൂര്‍ണമെന്റ്ില്‍ ഏറ്റവുമധികം സിക്‌സറുകള്‍ അടിച്ചതിനുള്ള ബഹുമതിയും ശ്രീകാന്ത് മുണ്ടെയ്ക്കാണ്. അശ്വിന്‍ കെ ജോസാണ് മികച്ച എമര്‍ജിംഗ് പ്ലെയര്‍. ജിനോജ് ചെറിയാനാണ് ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍.
ബീ വണ്‍ യുകെ, റൈറ്റിംഗ് ഹബ്, ലെജന്‍ഡ് സോളിസിറ്റര്‍സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, അഫ്സല്‍ സോളിസിറ്റര്‍സ്, വൈസ് ലീഗല്‍, മിഡ്ലാന്‍ഡ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, സിസിആര്‍ബി തുടങ്ങിയവര്‍ ആയിരുന്നു ക്രിക്കറ്റ് 2018ന്‍റെ സ്പോണ്‍സര്‍മാര്‍. മലയാളം യുകെ ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ മീഡിയ പാര്‍ട്ണര്‍ ആയിരുന്നു.
മത്സരത്തിന് ശേഷംഓപ്പണ്‍ എയറില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും, കാണികള്‍ക്കും, സ്പോണ്‍സര്‍മാര്‍ക്കും നന്ദി പറഞ്ഞ സംഘാടകര്‍ അടുത്ത വര്‍ഷം കൂടുതല്‍ മികച്ച ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുമെന്നും എല്ലാ കായിക പ്രേമികളും അകമഴിഞ്ഞ പ്രോത്സാഹനം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ടൂര്‍ണമെന്റില്‍ നിന്ന് ലഭിച്ച തുക യുകെയിലെയും കേരളത്തിലെയും ചാരിറ്റി സംരംഭങ്ങള്‍ക്ക് സംഭാവനയായി നല്‍കാനാണ് സംഘാടകരുടെ തീരുമാനം.
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply