ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ രേഖകളെ തുടർന്ന് പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു സ്ത്രീയുടെ മേൽ പ്രിൻസ് ആൻഡ്രൂ മുട്ടുകുത്തി നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തുവന്ന രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഖം മറച്ചിരിക്കുന്ന സ്ത്രീ പൂർണ്ണമായും വസ്ത്രധാരിണിയാണ്. ചിത്രങ്ങൾക്ക് യാതൊരു പശ്ചാത്തല വിവരവും നൽകിയിട്ടില്ലെന്ന് മാത്രമല്ല എവിടെ, എപ്പോൾ എടുത്തതാണെന്നതും വ്യക്തമല്ല. ഈ ചിത്രങ്ങൾ ആൻഡ്രുവിനെതിരായ പഴയ ആരോപണങ്ങൾക്ക് വീണ്ടും ഊർജം പകരുന്നതാണ് . എന്നാൽ ആൻഡ്രൂ എല്ലാ ആരോപണങ്ങളും വീണ്ടും നിഷേധിച്ചിട്ടുണ്ട്.

പുതിയ രേഖകളിൽ എപ്സ്റ്റീനും “ദ ഡ്യൂക്ക്” എന്ന അക്കൗണ്ടും തമ്മിലുള്ള 2010-ലെ ഇമെയിലുകളും ഉൾപ്പെട്ടിട്ടുണ്ട്. 26 വയസ്സുള്ള ഒരു റഷ്യൻ യുവതിയുമായി ആൻഡ്രുവിനെ പരിചയപ്പെടുത്താൻ എപ്സ്റ്റീൻ ശ്രമിച്ചതായി ഈ സന്ദേശങ്ങളിൽ സൂചനയുണ്ട്. ബക്കിംഗ്ഹാം പാലസിൽ സ്വകാര്യതയോടെ അത്താഴം കഴിക്കാമെന്ന പരാമർശവും കാണാം. ഇതെല്ലാം ഏതെങ്കിലും രീതിയിൽ തെറ്റായ പ്രവർത്തനം ആണെന്ന് തെളിയിക്കുന്നില്ലെന്ന പരാമർശവും രേഖകളിൽ ഉണ്ട് . അന്വേഷണം സംബന്ധിച്ച് ആൻഡ്രുവിനെ ചോദ്യം ചെയ്യണമെന്ന് 2020-ൽ യുഎസ് അധികൃതർ ആവശ്യപ്പെട്ട കത്തും പുറത്തു വന്നിട്ടുണ്ട്. എന്നാൽ നിയമപ്രകാരം കുറ്റം ചുമത്താൻ തെളിവില്ലെന്നും അതിൽ പറയുന്നു.

ഇതോടൊപ്പം, ആൻഡ്രുവിന്റെ മുൻ ഭാര്യ സാറാ ഫെർഗ്യൂസണും എപ്സ്റ്റീനുമായി ഇമെയിൽ ബന്ധം പുലർത്തിയിരുന്നുവെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. 2009-ലെ ഇമെയിലുകളിൽ, എപ്സ്റ്റീനിനെ അടുത്ത സുഹൃത്തായി വിശേഷിപ്പിക്കുന്ന വാക്കുകളുണ്ട്. ഇവയിലും കുറ്റകൃത്യ സൂചനകളില്ല. 2,000-ത്തിലധികം വീഡിയോകളും 1.8 ലക്ഷം ചിത്രങ്ങളും ഉൾപ്പെടുന്ന ഈ രേഖകൾ ഏറെ ഭാഗം മറച്ചുവെച്ച നിലയിലാണ്. എപ്സ്റ്റീൻ ബന്ധം കാരണം വർഷങ്ങളായി വിവാദത്തിലായ ആൻഡ്രൂ വീണ്ടും ശക്തമായ പൊതുസമ്മർദ്ദം നേരിടുകയാണ്.











Leave a Reply