സമൂഹമാധ്യമങ്ങളിൽ വൈറലായ മോദി ചിത്രം തിരഞ്ഞുപോയവർ പതിവുപോലെ എത്തിയത് വ്യാജ നിർമാണ ഫാക്ടറിയിൽ. ബി.ജെ.പിയുടെ പുതിയ ഗ്ലോബൽ ലീഡർ നരേന്ദ്ര മോദിയുടെ മാറ്റുകൂട്ടാനാണ് പുതിയ കരവിരുത് ഭക്തർ പ്രകടിപ്പിച്ചത്. ഇത്തവണ അന്താരാഷ്ട്രതലത്തിലുള്ള വ്യാജവാർത്തയുടെ രൂപത്തിലായിരുന്നു വ്യാജനെന്നുമാത്രം. സെപ്റ്റംബർ 26 ഞായറാഴ്ചത്തെ ന്യൂയോർക്ക് ടൈംസ് പത്രത്തിെൻറ ഒന്നാം പേജ് എന്ന പ്രചരണത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം തരംഗമാക്കിയത്.
മോദിയെക്കുറിച്ചുള്ള വാർത്തയായിരുന്നു പത്രത്തിൽ ഉണ്ടായിരുന്നത്. ‘ഭൂമിയുടെ അവസാനത്തെ, മികച്ച പ്രതീക്ഷ’എന്ന നെടുങ്കൻ തലക്കെട്ടും വാർത്തക്ക് മാറ്റുകൂട്ടി. ‘ലോകത്തെ ഏറ്റവും സ്നേഹിക്കപ്പെടുന്ന കരുത്തനായ നേതാവ് നമ്മളെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു’ എന്ന ഉപ തലക്കെട്ടും വാർത്തക്ക് നൽകിയിരുന്നു. ഒപ്പം പത്രം നിർഞ്ഞുനിൽക്കുന്ന മോദിയുടെ താടിവച്ച ചിത്രവും. ഇത്രയും ആകുേമ്പാൾ ഇത് വ്യാജമാണെന്ന് എല്ലാവർക്കും മനസിലാകേണ്ടതാണ്. എന്നാൽ ഭക്തരിൽ അധികവും ഇത് മനസിലാക്കിയിട്ടില്ല എന്നാണ് അവരുടെ ആവേശകരമായ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
‘ശ്രീ നരേന്ദ്ര മോദിജിയുടെ യാത്രയിൽ അമേരിക്കൻ ജനതയുടെ പ്രതികരണം, ന്യൂയോർക്ക് ടൈംസിൽ പുറത്തുവന്നു’ എന്നായിരുന്നു ഒരു ഭക്തൻ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി ബി.ജെ.പിക്കാർ ചിത്രം വലിയ തോതിൽ പ്രചരിപ്പിച്ചിട്ടുണ്ട്. എന്തായാലും ന്യൂയോർക് ടൈംസ് ഡസ്ക് അറിയാതെ അവരുടെ പത്രത്തിൽ ഒരു മോദി എഡിഷൻ അടിച്ചിറക്കുകയായിരുന്നു ഭക്തർ എന്നതാണ് ഒരേയൊരുസത്യമെന്ന് ഫാക്ട് ചെക്ക് നടത്തിയവർ പറയുന്നു.
ഞായറാഴ്ച സമാപിച്ച പ്രധാനമന്ത്രി മോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാർ അനുകൂലികളുടെ പുതിയ കൈക്രിയ. അതേസമയം, അമേരിക്കൻ യാത്രക്കിടെ യു.എന്നിൽ സംസാരിച്ച മോദിയുടെ പ്രസംഗ വേദിയിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാത്രയിൽ മോദി അനുഭവിച്ച അവഗണനകളും സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പങ്കുവച്ചു.
‘അമേരിക്കയിൽ ചെന്നപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ ഒരു ഡെപ്യൂട്ടി സെക്രട്ടറി മാത്രം വന്നു. സാധാരണ കാണാൻ ലൈൻ നിൽക്കുന്ന അമേരിക്കൻ വ്യവസായികൾ മൈൻഡ് ചെയ്തില്ല. അമേരിക്കൻ വൈസ് പ്രസിഡൻറിനെ കാണാൻ ചെന്നപ്പോൾ അവർ ജനാധിപത്യത്തെ കുറിച്ച് ക്ലാസ് എടുത്തു.പ്രസിഡൻറിനെ കാണാൻ ചെന്നപ്പോൾ ഇതുവരെ ഉണ്ടാകാത്തത് പോലെ പ്രസിഡണ്ടും ഭാര്യയും വീട്ടു വാതിൽക്കൽ സ്വീകരിക്കാൻ വന്നില്ല. തിരിച്ചിറങ്ങിയപ്പോഴും വാതിൽക്കൽ വന്ന് യാത്ര പറഞ്ഞില്ല.അതും പോരാഞ്ഞിട്ട് പ്രസിഡണ്ട് മഹാത്മാഗാന്ധിയെ കുറിച്ച് ക്ലാസ് എടുത്തു, ഇന്ത്യൻ മോഡിയായെ കളിയാക്കുകയും ചെയ്തു.യു.എന്നിൽ പ്രസംഗിച്ചപ്പോൾ കേൾക്കാൻ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു എന്നും, പ്രസംഗം കഴിഞ്ഞപ്പോൾ ആരും കൈയ്യടിച്ചില്ല എന്നും ഇപ്പോൾ കേൾക്കുന്നു.എല്ലാറ്റിനും മുകളിൽ അഞ്ജന ഓം മോദി തൊട്ടതിനും പിടിച്ചതിനും എല്ലാം നാറ്റിക്കുകയും ചെയ്തു. എല്ലാം സഹിച്ച് തിരിച്ച് വന്നപ്പോൾ പക്ഷെ ഗ്ലോബൽ ലീഡർ ആയി മാറി’-ഫിലിപ്പ് വർഗീസ് തെൻറ ഫേസ്ബുക്ക് അകൗണ്ടിൽ കുറിച്ചു.
Leave a Reply