പിണറായിയില്‍ മാതാപിതാക്കളെയും മകളേയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും. ഇവയെല്ലാം പിടിച്ചെടുത്ത പോലീസ് മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 27-ന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലായ സൗമ്യയെ തിങ്കളാഴ്ചയാണ് നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഇതിനിടെ സൗമ്യ കാമുകനയച്ച സന്ദേശങ്ങളും പോലീസിന് ലഭിച്ചു. മൂന്നു കൊലപാതകങ്ങളും സൗമ്യ ഒറ്റക്ക് തന്നെയാണ് നടപ്പിലാക്കിയതെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് ഇതുവരെ നടന്ന അന്വേഷണങ്ങള്‍ നല്‍കുന്ന സൂചന. മൊബൈല്‍ ഫോണില്‍ ഒന്ന് കാമുകന്‍മാരില്‍ ഒരാളുടെ ജ്യേഷ്ഠന്‍ വിദേശത്ത് നിന്ന് കൊടുത്തയച്ചതാണെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.
മകള്‍ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് സൗമ്യ കാമുകന് അയച്ച എസ്.എം.എസാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ണ്ണായക തെളിവ്. എനിക്ക് അച്ഛനെയും മകളെയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്. മനസിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കെണമെന്ന ആഗ്രഹമുണ്ടെന്നായിരുന്നു ആ മൊബൈല്‍ സന്ദേശം.
എല്ലാവരേയും കൊന്നത് ഞാന്‍ തന്നെയാണ്, ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും, ജാമ്യത്തിലിറങ്ങാന്‍ തയാറല്ലെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. നിലവില്‍ സംശയിക്കുന്ന മൂന്നുപേരും നിരപരാധികളാണെന്നാണ് സൂചനയെങ്കിലും ഇത് സംബന്ധിച്ച അന്വേഷണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനിടെ, സൗമ്യയ്ക്കു വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകുമെന്ന് പ്രചരണം ഉണ്ടായിരുന്നു. മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ ആളൂര്‍ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും കോടതിയില്‍ ഹാജരായില്ല. പ്രതിക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകയെ അനുവദിച്ച് കൊണ്ട് കോടതി ഉത്തരവായിട്ടുണ്ട്.
Leave a Reply