പശുക്കളെ നോക്കുന്നതായിരുന്നു ജയിലിൽ സൗമ്യയുടെ ചുമതല. ഇന്ന് രാവിലെ ഒമ്പതരയോടായിരുന്നു പിണറായി കൂട്ടക്കൊലയിലെ പ്രധാന പ്രതിയായ സൗമ്യയെ കണ്ണൂർ വനിതാ ജയിലിൽ കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാനസിക സംഘര്‍ഷമാവാം ഇത്തരത്തില്‍ തൂങ്ങി മരിക്കാന്‍ സൗമ്യയെ പ്രേരിപ്പിച്ചതെന്നാണ് പ്രഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

ജയില്‍ വളപ്പിലുള്ള കശുമാവിലാണ് സൗമ്യ തൂങ്ങിമരിച്ചത്. താഴ്ന്ന് നില്‍ക്കുന്ന മരക്കൊമ്പുകളില്‍ ചവിട്ടി മുകളില്‍ കയറി മരക്കൊമ്പില്‍ സാരി കെട്ടിയ ശേഷം കഴുത്തില്‍ കുരുക്കിട്ടതിന് ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 9.30 നാണ് സൗമ്യ തൂങ്ങി നില്‍ക്കുന്നത് ജയില്‍ വാര്‍ഡന്‍ കാണുന്നത്. ഉടന്‍ സൗമ്യയെ സാരി അറുത്ത് താഴെ ഇട്ടതിന് ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച സാരി കൈക്കലാക്കിയത് ജയിലിലെ വിശ്രമ മുറിയില്‍ നിന്നാവാം എന്നാണ് വിവരം. വിശ്രമ മുറിയില്‍ കഴിഞ്ഞ ദിവസം സൗമ്യ കയറിയതായി സഹ തടവുകാര്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ജയില്‍ വളപ്പിലെ പുല്ലു വെട്ടാനായി സൗമ്യ പോകുകയായിരുന്നു. ഈ സമയം ആ ഭാഗത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കശുമാവ് പടര്‍ന്ന് പന്തലിച്ചു കിടക്കുന്നതിനാല്‍ ചുവട്ടില്‍ നില്‍ക്കുന്നവരെ ദൂരെ നിന്നും നോക്കിയാല്‍ കാണില്ല. അതിനാലാണ് വാര്‍ഡന്മാര്‍ അറിയാതെ പോയത്. 9 മണിയോടെ ഇവിടേക്ക് പോയ സൗമ്യയെ കാണാതെ വന്നതോടെ വാര്‍ഡന്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. അടുത്തിടെയായി സൗമ്യ തനിച്ചിരുന്ന് കരയാറുണ്ടായിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു.

ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നല്‍കി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി.

ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൗമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാല്‍ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങള്‍ ബലപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.

പിതാവ് പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീര്‍ത്തന(ഒന്നര) എന്നിവരെയാണ് സൗമ്യ എലിവിഷം കൊടുത്തുകൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നല്‍കിയിരുന്നു.കേസിലെ ഒരേയൊരു പ്രതിയെ മതിയായ സംരക്ഷണം നല്‍കാതെ സൂക്ഷിച്ചതി​ന്റെ പേരില്‍ ഗുരുതരമായ വീഴ്ചയാണ് ജയില്‍ അധികൃതര്‍ വരുത്തിയിരിക്കുന്നത്.

ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ സുരക്ഷയില്ലാതെ പാര്‍പ്പിച്ചതാണ് വിമര്‍​ശിക്കപ്പെടുന്നത്.ജയിലില്‍ സൗമ്യ വളരെ ശാന്ത സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും തടവുകാരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന്‍ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദര്‍ശകര്‍ ആരുമില്ലായിരുന്നു.