ന്യൂസ് ഡെസ്ക്, മലയാളം യുകെ
രക്താർബുദ ചികിത്സയിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വലിയ മുന്നേറ്റം നേടി. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ആശുപത്രിയും യൂണിവേഴ്സിറ്റി കോളേജ് ലണ്ടനും ചേർന്നു നടത്തിയ ഗവേഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത് . രക്താണുക്കളുടെ ഡിഎൻഎ കൃത്യമായി മാറ്റി ക്യാൻസറിനെ ചെറുക്കുന്ന രീതിയിലാണ് പുതിയ ‘ബേസ് എഡിറ്റിംഗ്’ ചികിത്സ. ലെസ്റ്ററിലെ 16കാരിയായ അലിസ്സ ടാപ്ലിക്കിനാണ് ഈ ചികിത്സ ആദ്യം ലഭിച്ചത് . ജീവിക്കാനുള്ള പ്രതീക്ഷ തന്നെ കുറഞ്ഞിരുന്ന അവൾ ഇന്ന് പൂർണമായും രോഗമുക്തയാണ്.

വളരെ സൂക്ഷ്മമായ ജീൻ മാറ്റങ്ങളാണ് ചികിത്സയുടെ അടിസ്ഥാനം . ദാതാവിൽ നിന്ന് ലഭിച്ച ആരോഗ്യമുള്ള ടി-സെല്ലുകൾ നാല് ഘട്ടങ്ങളിൽ മാറ്റത്തിന് വിധേയമാക്കും . തിരുത്തിയ സെല്ലുകൾ ക്യാൻസർ സെല്ലുകളെ മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ചികിത്സക്കിടെ രോഗിയുടെ മുഴുവൻ ഇമ്മ്യൂൺ സംവിധാനം താൽക്കാലികമായി ഇല്ലാതാകുമെങ്കിലും ഫലം കിട്ടുമ്പോൾ അതിശയകരമാണെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ പറയുന്നു.

പരീക്ഷണത്തിൽ പങ്കെടുത്ത 11പേരിൽ 9പേർക്കും നല്ല പുരോഗതി ഉണ്ടായി. ഇവരിൽ 7പേർ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ രോഗലക്ഷണങ്ങളില്ലാതെ ജീവിക്കുന്നു. ഗവേഷകർ നേടിയ ഈ മുന്നേറ്റം രക്താർബുദ ചികിത്സയിൽ ഒരു പുതിയ വഴിതുറക്കുകയാണ്. ഈ ഫലം ഭാവിയിൽ കൂടുതൽ രോഗികൾക്ക് പ്രതീക്ഷ നൽകുമെന്ന് വിദഗ്ധർ പറയുന്നു. ചികിത്സ കൂടുതൽ വ്യാപകമായി ലഭ്യമാക്കാൻ പുതിയ പരീക്ഷണങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഗവേഷണത്തെ നയിച്ച യൂസിഎൽ ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെൽ ആൻഡ് ജീൻ തെറാപ്പി പ്രൊഫസറും ഗ്രേറ്റ് ഓർമണ്ട് സ്റ്റ്രീറ്റ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇമ്മ്യൂണോളജിസ്റ്റുമായ പ്രൊഫ. വസീം കാസിം അറിയിച്ചു.











Leave a Reply