ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകോത്തര സർവകലാശാലകൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും പേരു കേട്ട യു കെയിൽ അടിസ്ഥാന സ്കൂൾ വിദ്യാഭ്യാസത്തിൻറെ ഗുണമേന്മയെ കുറിച്ച് ആശങ്കകൾ വർദ്ധിച്ചു വരുകയാണ്. എല്ലാ രംഗത്തും പുരോഗതി കൈവരിക്കുമ്പോഴും കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ പല പ്രദേശങ്ങളിലും രാജ്യത്ത് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അധ്യാപക ക്ഷാമം മുതൽ പ്രാദേശിക സ്കൂളുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, ഭൂമിശാസ്ത്ര പരമായും സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളും അടിസ്ഥാനമാക്കിയുള്ള അസമത്വം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സ്വാധീനം ചെലുത്തുന്നതായി ആണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ശരിയായ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ അഭാവം വ്യക്തികളിലും സമൂഹത്തിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി ഒട്ടേറെ ഗവേഷണ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടികളുടെ എണ്ണം ഈ വർഷം 20% വർദ്ധിച്ചു. 300,000 കുട്ടികൾ വരെ വിദ്യാഭ്യാസത്തിൽ നിന്ന് പൂർണ്ണമായി നഷ്ടപ്പെട്ടേക്കാമെന്ന് എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക പ്രാദേശിക അസമത്വങ്ങളില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനുമുള്ള സുപ്രധാന നടപടികൾ സർക്കാർ തലത്തിൽ ആരംഭിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതിൻറെ ഭാഗമായി സ്കൂളുകളിൽ എത്താത്ത കുട്ടികളെ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കുട്ടികൾ എവിടെയാണെന്നുള്ള അറിവ് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യമായ പിന്തുണ നൽകാനും കൗൺസിലുകളെ പ്രാപ്തരാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നാണ് ബില്ലിനെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സൺ പറഞ്ഞത്.


ഇന്ന് അവതരിപ്പിക്കുന്ന ബില്ലിൽ വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ രജിസ്റ്റർ 2025 – ൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലിൽ മുതിർന്നവരുടെ ദേശീയ ഇൻഷുറൻസ് നമ്പറിന് സമാനമായി കുട്ടികൾക്ക് അവരെ തിരിച്ചറിയുന്നതിനുള്ള ഒരു നമ്പർ ഉണ്ടായിരിക്കും. തങ്ങളുടെ പ്രദേശത്തെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമയോചിതമായി ഇടപെടൽ നടത്തുന്നതിന് അധ്യാപകർക്കും സ്കൂൾ അധികാരികൾക്കും അവകാശം ഉണ്ടാകും. കുട്ടികളും അവരുടെ ജീവിത സാഹചര്യവും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും ബില്ലിൽ വ്യവസ്ഥ ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ 10 വയസ്സുകാരിയായ സാറാ സരീഫിനെ വീട്ടിലിരുന്ന് പഠിപ്പിക്കുന്നതിനായി പിതാവും രണ്ടാനമ്മയും എടുത്ത തീരുമാനവും തുടർന്ന് അവളെ മരണത്തിലേയ്ക്ക് തള്ളിവിട്ടതു പോലുള്ള സംഭവങ്ങളും ഇനി ആവർത്തിക്കാതിരിക്കാനുള്ള കടുത്ത നടപടികൾ ബില്ലിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.