ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രൂ വിമാനത്താവളത്തിലെ റൺവേയിൽ പാർക്ക് ചെയ്തിരുന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന് സമീപത്തായി ഒരു ഗ്രൗണ്ട് വെഹിക്കിൾസിന് തീപിടിച്ചത് വൻ ആശങ്കയ്ക്ക് വഴിവെച്ചു. ഇന്നലെ 6.15 ഓടെ യാത്രക്കാരെ കയറ്റുന്ന മൊബൈൽ സ്റ്റെയർകെയ്സിന് തീപിടിച്ചതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്. തീപിടുത്തത്തെ തുടർന്ന് കറുത്ത പുകപടലങ്ങൾ ഉയരുന്നത് കടുത്ത ആശങ്ക ആണ് ഉളവാക്കിയത്.


യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഹീത്രൂ എയർപോർട്ട്. എയർപോർട്ടിലെ ടെർമിനൽ കെട്ടിടത്തിന്റെ മുകളിൽ തീപിടുത്തത്തെ തുടർന്നുണ്ടായ കറുത്ത പുകപടലങ്ങൾ ദൃശ്യമായിരുന്നു. സംഭവം നടന്നയുടനെ ഹീത്രു എയർപോർട്ടിലെ ഫയർ എൻജിനുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ സാധിച്ചു. ഇതുവരെ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടല്ല. സംഭവ സമയത്ത് വിമാനത്തിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹീത്രു എയർപോർട്ട് വക്താവ് അറിയിച്ചു.