ലാഹോര്‍: പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നത് എന്താണെന്ന ചോദ്യത്തിന് പ്ലാസ്റ്റിക് എന്നതായിരിക്കും ആരും കണ്ണടച്ചു നല്‍കുന്ന ഉത്തരം. ആഴക്കടലില്‍ വരെ എത്തിയിരിക്കുന്ന അഴുകാത്ത ഈ മാലിന്യം ജീവികളുടെ മരണത്തിനു കാരണമാകുന്നതു കൂടാതെ മണ്ണിന്റെ സ്വാഭാവിക ജൈവഘടനെപ്പോലും ഇല്ലാതാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പ്രതികൂലമായി പരിസ്ഥിതിയെ ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തെ ഇല്ലാതാക്കാന്‍ പ്രകൃതി തന്നെ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു എന്നതാണ് ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തേനീച്ചക്കൂടുകളിലെ മെഴുക് തിന്ന് ജീവിക്കുന്ന ചില പുഴുക്കള്‍ പ്ലാസ്റ്റിക്ക് തിന്നുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് ഇല്ലാതാക്കുന്ന ഫംഗസുകളെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
പാകിസ്ഥാനില്‍ നിന്നാണ് ആശ്വാസകരമായ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഇസ്ലാമാബാദില്‍ ചവറുകൂനയില്‍ നിന്ന് ശേഖരിച്ച മണ്ണില്‍ കണ്ടെത്തിയ പ്രത്യേകതരം പൂപ്പലാണ് പ്ലാസ്റ്റിക്കില്‍ ജീവിച്ച് അതില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നത്. ഇതിന്റെ ഫലമായി പ്ലാസ്റ്റിക് ഫലപ്രദമായി വിഘടിച്ചു പോകുന്നതായി കണ്ടെത്തി. വേള്‍ഡ് അഗ്രോഫോറസ്ട്രി സെന്റര്‍ ആന്‍ഡ് കുന്‍മിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഡോ.ഷെറൂണ്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇത് വ്യക്തമായത്. എന്‍വയണ്‍മെന്റല്‍ പൊള്യൂഷന്‍ എന്ന ജേര്‍ണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആസ്‌പെര്‍ജില്ലസ് ട്യൂബിന്‍ജെന്‍സിസ് എന്നാണ് തിരിച്ചറിഞ്ഞ ഫംഗസിന്റെ പേര്. പോളിയൂറിത്തീന്‍ ആണ് പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത്. പോളിയൂറിത്തീനെ വിഘടിപ്പിക്കാന്‍ ഈ ഫംഗസിന് കഴിവുണ്ടോ എന്നതായിരുന്നു പ്രാഥമികമായി പരിശോധിച്ചത്. അഗാര്‍ പ്ലേറ്റ്, ദ്രാവകം, മണ്ണ് എന്നിവയില്‍ ഫംഗസ് ഏതുവിധത്തില്‍ പോളിയൂറിത്തീന്‍ വിഘടിപ്പിക്കുമെന്ന് പരിശോധിച്ചു. അഗാറില്‍ പ്ലാസ്റ്റിക് വിഘടനത്തിന്റെ തോത് ഉയര്‍ന്നതായിരുന്നെന്ന് കണ്ടെത്തിയെന്ന് പഠനം പറയുന്നു.
മറ്റു മാധ്യമങ്ങളിലും സാഹചര്യങ്ങളും പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാന്‍ ഈ ഫംഗസിനുള്ള കഴിവ് പരിശോധിക്കുകയും അത്തരം കഴിവുകള്‍ വികസിപ്പിക്കുകയുമാണ് അടുത്ത ഘട്ടത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
Leave a Reply